തിരുവനന്തപുരം: യുവതിയുടെ ലൈംഗിക പീഡന പരാതിക്ക് പിന്നാലെ മുൻകൂർ ജാമ്യത്തിന് നീക്കവുമായി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. മുൻകൂർ ജാമ്യത്തിനുളള സാധ്യതകളാണ് രാഹുൽ മാങ്കൂട്ടവുമായി ബന്ധപ്പെട്ടവർ പരിശോധിക്കുന്നത്. കൊച്ചിയിലെ ഹൈക്കോടതി അഭിഭാഷകനുമായി ചർച്ച നടത്തിയതായാണ് വിവരം. പരാതിയുടെ പകർപ്പും കേസിന്‍റെ സ്വഭാവവും പരിഗണിച്ചശേഷം തുടർ നടപടി ആലോചിക്കുമെന്നാണ് റിപ്പോർട്ട്.
മുഖ്യമന്ത്രിയുടെ ഓഫീസിൽ നേരിട്ടെത്തി തെളിവുകളുള്‍പ്പെടെയാണ് യുവതി പരാതി കൈമാറിയത്. പരാതി ക്രൈംബ്രാഞ്ചിന് കൈമാറും. വാട്ട്സപ്പ് ചാറ്റുകൾ, ഓഡിയോ സംഭാഷണം അടക്കം കൈമാറിയതാണ് വിവരം പുറത്തുവരുന്നത്. ഉച്ചയോടെ ആണ് യുവതി പരാതി നൽകിയത്. ഇന്ന് തന്നെ അതിജീവിതയുടെ മൊഴി രേഖപ്പെടുത്തും. രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരന്‍ രംഗത്ത് വന്നിരുന്നു. ഉയരുന്ന ആരോപണങ്ങളിൽ രാഹുൽ നിരപരാധിയാണ് എന്നായിരുന്നു കെ സുധാകരന്‍റെ പ്രതികരണം.
പെണ്‍കുട്ടികളെ പിന്തുടര്‍ന്ന് ശല്യം ചെയ്തു എന്ന പേരിൽ രാഹുലിനെതിരെ കേസെടുത്തിരുന്നു. എന്നാൽ പരാതിയൊന്നും ലഭിച്ചിരുന്നില്ല. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എഐസിസിയ്ക്കും പ്രിയങ്ക ഗാന്ധിയ്ക്കും യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സജന ബി സജൻ ഇന്ന് പരാതി നൽകിയിരുന്നു. വനിതാ നേതാക്കളെ ഉൾപ്പെടുത്തി അന്വേഷണ കമ്മീഷനെ നിയോഗിച്ച് ഇരയാക്കപ്പെട്ട പെൺകുട്ടികളെ നേരിൽ കണ്ട് വിഷയം ഗൗരവത്തോടെ ചർച്ച ചെയ്യണം എന്നാണ് സജ്നയുടെ പരാതിയിലെ ആവശ്യം.
അതേസമയം യുവതി ലൈംഗിക പീഡന പരാതി നൽകിയതിന് പിന്നാലെ പ്രതികരിച്ച് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. കുറ്റം ചെയ്തിട്ടില്ലെന്നുളള ബോധ്യമുള്ളടത്തോളംകാലം നിയമപരമായി തന്നെ പോരാടുമെന്നും നീതിന്യായ കോടതിയിലും ജനങ്ങളുടെ കോടതിയിലും എല്ലാം ബോധ്യപ്പെടുത്തുമെന്നുമാണ് ഫേസ്ബുക്കിലൂടെ രാഹുൽ പ്രതികരിച്ചത്.






