ചങ്ങനാശേരി : 2030 ന് മുൻപ് ഇന്ത്യയിൽ റെയിൽവേ ഗേറ്റുകൾ ഇല്ലാതാകുമെന്ന് കേന്ദ്ര ഫിഷറീസ്, ന്യൂനപക്ഷകാര്യ സഹമന്ത്രി ജോർജ് കുര്യൻ. റെയിൽവേ വികസനത്തിന്റെ ഭാഗമായി ആധുനിക ട്രെയിനുകൾ വരുന്നതോടെ റെയിൽവേ ഗേറ്റുകളെല്ലാം അണ്ടർബ്രിഡ്ജുകളോ ഓവർബ്രിഡ്ജുകളോ ആയി മാറുമെന്ന് കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു. പുതുതായി സ്റ്റോപ്പ് അനുവദിച്ച തിരുവനന്തപുരം – കണ്ണൂർ ജനശതാബ്ദി എക്സ്പ്രസ് ചങ്ങനാശ്ശേരിയിൽ ഫ്ലാഗ് ഓഫ് ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയിൽ ഇനി വരാൻ പോകുന്നത് വന്ദേഭാരത് ട്രെയിനുകളാണെന്നും ഭാവിയിൽ ദീർഘദൂര, അതിവേഗ ട്രെയിനുകളടക്കം എല്ലാ സ്റ്റേഷനുകളിലും നിർത്തുമെന്ന് കേന്ദ്രമന്ത്രി പ്രസ്താവിച്ചു. കേരളത്തിൽ അമൃത് സ്റ്റേഷനുകളായി പ്രഖ്യാപിച്ച 35 റെയിൽവേ സ്റ്റേഷനുകളുടെ വികസനത്തിനായി 2500 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും സമാന്തരപാതയായി വികസിപ്പിക്കപ്പെടുന്ന ശബരി പാത, പുനലൂർ റയിൽപ്പാത എന്നിവയുമായി ചങ്ങനാശ്ശേരി ബന്ധിപ്പിക്കപ്പെടുമെന്നും കേന്ദ്രമന്ത്രി ജോർജ് കുര്യൻ പറഞ്ഞു.
അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി ചങ്ങനാശ്ശേരിയിൽ പുതിയ റെയിൽവേ സ്റ്റേഷന്റെ നിർമാണപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും, യാത്രക്കാരുടെ എണ്ണത്തിലും ഗണ്യമായ വർദ്ധനവ് ഉണ്ടായിട്ടുണ്ടെന്നും ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കവേ മാവേലിക്കര എംപി കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.തിരുവനന്തപുരം ഡിവിഷണൽ റെയിൽവേ മാനേജർ ദിവ്യകാന്ത് ചന്ദ്രകർ, സീനിയർ ഡി സി എം വൈ സെൽവൻ, ചങ്ങനാശ്ശേരി മുനിസിപ്പൽ ചെയർപേഴ്സൺ കൃഷ്ണകുമാരി രാജശേഖരൻ എന്നിവർ ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു.