ന്യൂഡൽഹി : ചെങ്കോട്ട സ്‌ഫോടനത്തിൽ വിശദമായ അന്വേഷണം നടത്തുക എൻഐഎ അഡീഷണൽ ഡയറക്‌ടർ ജനറൽ വിജയ് സാക്കറെയുടെ നേതൃത്വത്തിലെ 10 അംഗ സംഘം. പൊലീസിൽ നിന്നും എൻഐഎ അന്വേഷണം ഏറ്റെടുത്തു. വിജയ് സാക്കറെയ്‌ക്ക് പുറമേ ഒരു ഐജി, രണ്ട് ഡിഐജിമാർ,മൂന്ന് എസ്‌പിമാർ, ഡിഎസ്‌പിമാർ എന്നിവരടങ്ങുന്നതാണ് ടീം.
ചെങ്കോട്ടയ്‌ക്ക് സമീപം കാറിൽ സ്‌ഫോടനം നടത്തിയ ഡോ. ഉമർ നബി ആണ് വൈറ്റ്‌കോളർ ഭീകരസംഘ തലവൻ എന്നാണ് അന്വേഷണ സംഘത്തിന് മനസിലായത്. ഇയാളടങ്ങുന്ന സംഘത്തിന് ഭീകരസംഘടന ജെയ്‌ഷെ മുഹമ്മദുമായുള്ള ബന്ധവും തെളിഞ്ഞു. സ്‌ഫോടന സമയത്തെ കൂടുതൽ ദൃശ്യങ്ങൾ അന്വേഷണ സംഘം ശേഖരിച്ചു.
സ്‌ഫോടനത്തിന് മുൻപുള്ള ദിവസങ്ങളിലും ഡോ. ഉമർ നബി ഇവിടെ വന്നിരുന്നു എന്ന് തെളിഞ്ഞു. ഈ ദിവസങ്ങളിൽ നഗരത്തിലെ വിവിധ ഭാഗങ്ങളിൽ നിന്ന് ലഭിച്ച വിവിധ ദൃശ്യങ്ങളിൽ സ്‌ഫോടനത്തിനുപയോഗിച്ച കാറിന്റെ സാന്നിദ്ധ്യം ഉണ്ട്. ഫരീദാബാദിലും ഡൽഹിയിലും വലിയ ആക്രമണത്തിനാണ് വൈറ്റ്‌കോളർ ഭീകരസംഘം പദ്ധതിയിട്ടത്.
ആഭ്യന്തര മന്ത്രാലയം ഇന്നലെയാണ് അന്വേഷണം എൻഐഎയ്‌ക്ക് കൈമാറിയത്. ജമ്മു കാശ്‌മീർ പൊലീസ്, ഡൽഹി പൊലീസ്, ഹരിയാന പൊലീസ് എന്നിവരിൽ നിന്ന് ജെയ്‌ഷെ മോഡ്യൂളുമായി ബന്ധപ്പെട്ട എല്ലാ കേസ് ഡയറികളും എൻഐഎ സംഘം ഏറ്റെടുക്കുമെന്നാണ് വിവരം.






