പത്തനംതിട്ട : ശബരിമല മണ്ഡല-മകരവിളക്ക് തീർഥാടനത്തിൻ്റെ ഭാഗമായി അയ്യപ്പഭക്തർക്കായി പുതിയ പാക്കേജുമായി കെഎസ്ആർടിസി. സംസ്ഥാനത്തിന്റെ ഏത് ഭാഗത്തുനിന്നും പമ്പയിലേക്ക് നേരിട്ട് ബസ് ചാർട്ട് ചെയ്യാനുള്ള സൗകര്യമാണ് കെഎസ്ആർടിസി ഒരുക്കുന്നത്. 45 പേരടങ്ങുന്ന തീർത്ഥാടക സംഘങ്ങൾക്ക് കെഎസ്ആർടിസിയുടെ ചാർട്ടേഡ് ബസ് സേവനം പ്രയോജനപ്പെടുത്താമെന്ന് ഗതാഗതമന്ത്രി അറിയിച്ചു.
കെഎസ്ആർടിസിയെ കൂടുതൽ ജനകീയമാക്കുന്നതിനും ഭക്തരുടെ യാത്രാക്ലേശം പരിഹരിക്കുന്നതിനുമായിട്ടാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. 45 പേർക്കുള്ള ടിക്കറ്റ് തുക മുൻകൂട്ടി നൽകിയാൽ ബസ് സ്റ്റാൻഡുകളിൽ എത്തേണ്ടതില്ല. ഭക്തർ ആവശ്യപ്പെടുന്ന വീടുകൾക്കോ സമീപത്തെ ക്ഷേത്രങ്ങൾക്കോ മുന്നിൽ ബസ് എത്തിച്ച് നേരിട്ട് പമ്പയിലേക്ക് കൊണ്ടുപോകും.
സാധാരണ ടിക്കറ്റ് നിരക്കിന് പുറമേ ചാർട്ടേഡ് സേവനത്തിനായി പ്രത്യേകം അധിക നിരക്കുകളൊന്നും ഈടാക്കില്ല. ചാർട്ടേഡ് ബസ് ലഭിക്കുന്നതിനായി കുറഞ്ഞത് 45 ടിക്കറ്റുകൾ നിർബന്ധമായും എടുക്കണം. നിലയ്ക്കലിൽ ഇറങ്ങി പമ്പയിലേക്ക് വീണ്ടും ബസ് മാറിക്കയറുന്നതിലെ പ്രയാസങ്ങൾ ഒഴിവാക്കി, നേരിട്ട് പമ്പയിലെത്താൻ ഈ സംവിധാനം സഹായിക്കും.
തീർത്ഥാടന സീസണിനായി റീഫർബിഷ് ചെയ്ത നൂറോളം പുതിയ ബസുകൾ ഉൾപ്പെടെ സജ്ജമാക്കിയിട്ടുണ്ടെന്നും ബസ് ചാർട്ടിംഗിനായുള്ള ബുക്കിംഗ് നടപടികൾ ഉടൻ തന്നെ ഡിപ്പോകൾ വഴിയും ഓൺലൈനായും ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.





