റാന്നി: യുവാക്കൾ സഞ്ചരിച്ച ബൈക്കിന് ഏതോ കെ എസ് ആർ ടി സി ബസ് സൈഡ് കൊടുത്തില്ല എന്ന കാരണത്താൽ രാത്രിയിൽ റാന്നി കെഎസ്ആർടിസി ഡിപ്പോയ്ക്കുള്ളിൽ കയറി ഡിപ്പോയ്ക്കുള്ളിൽ ഉണ്ടായിരുന്ന ഒരു കെ എസ് ആർ ടി സി ബസിന്റെ എമർജൻസി വാതിൽ കല്ലുകൊണ്ട് ഇടിച്ചു പൊട്ടിച്ച ശേഷം രക്ഷപ്പെട്ട പ്രതിയെ വിശദമായ അന്വേഷണത്തിനൊടുവിൽ റാന്നി പോലീസ് പിടികൂടി.
അങ്ങാടി കരിങ്കുറ്റി മണിമലേത്ത് കാലായിൽ വീട്ടിൽ നിതിൻ ലെജു (21) ആണ് അറസ്റ്റിൽ ആയത്. സെപ്റ്റംബർ അഞ്ചാം തീയതി രാവിലെ ആണ് റാന്നി ഡിപ്പോയിലെ കെ എസ് ആർ ടി സി ബസിന്റെ പിൻഭാഗത്തെ ചില്ല് തകർത്ത നിലയിൽ കണ്ടെത്തിയത്. ജീവനക്കാരുടെ പരാതിയിൽ പ്രതിയെക്കുറിച്ച് പ്രാഥമികമായി യാതൊരു സൂചനയും ഇല്ലാതിരുന്നത് അന്വേഷണ സംഘത്തിന് വെല്ലുവിളിയായി.
നിരവധി സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച പോലീസ് സംശയമുള്ള നിരവധി പേരെ ചോദ്യം ചെയ്തു. തുടർന്ന് സംഭവദിവസം കെഎസ്ആർടിസി പരിസരത്ത് പ്രതിയുടെ സാന്നിധ്യം മനസ്സിലാക്കിയ പോലീസ് ഇയാളിലേക്ക് എത്തിച്ചേരുകയായിരുന്നു. ഇയാൾ പോലീസിനോട് കുറ്റസമ്മതം നടത്തി. പ്രതിയും സുഹൃത്തും ഒരുമിച്ച് യാത്ര ചെയ്തപ്പോൾ ഏതോ കെഎസ്ആർടിസി ബസ് സൈഡ് കൊടുക്കാനുള്ള വിരോധം മൂലമാണ് ഇപ്രകാരം ചെയ്തതെന്ന് പ്രതി പറഞ്ഞു. ഇയാളെ റിമാൻഡ് ചെയ്തു.





