ആലപ്പുഴ : ഓച്ചിറ മുതല്‍ അരൂര്‍ വരെയുള്ള ദേശീയപാത നിര്‍മാണവുമായി ബന്ധപെട്ട് യാത്രക്കാരുടെ സുരക്ഷ ഉറപ്പു വരുത്തുവാന്‍ മാസത്തില്‍ ഒരിക്കല്‍ സംയുക്ത പരിശോധന നടത്താന്‍ കളക്ട്രേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം. റോഡപകടങ്ങള്‍ തടയുന്നതിനുള്ള നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിനായി കെ.സി. വേണുഗോപാല്‍ എം.പിയുടെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ദേശീയ പാത അതോറിട്ടി, ദേശീയപാത നിര്‍മ്മാണ കമ്പനി, പൊലീസ്, മോട്ടോര്‍ വാഹന വകുപ്പ്, റവന്യൂ, പ്രതിനിധികള്‍ എന്നിവരടങ്ങുന്ന സംഘമായിരിക്കും സംയുക്ത പരിശോധന നടത്തുക.
ദേശീയപാതയില്‍ മതിയായ സുരക്ഷാ മുന്നറിയിപ്പുകള്‍ നിര്‍ബന്ധമായും ഉറപ്പാക്കണമെന്ന് കെ സി വേണുഗോപാല്‍ എം പി പറഞ്ഞു. റോഡിന്റെ വശങ്ങളില്‍ കൂട്ടി ഇട്ടിരിക്കുന്ന മരത്തടികള്‍ അടിയന്തിരമായി മാറ്റണം. റോഡിലേക്ക് അപകടകരമായി നില്‍ക്കുന്ന മരങ്ങള്‍ നീക്കാന്‍ നടപടിയെടുക്കണമെന്നും എം പി യോഗത്തില്‍ നിര്‍ദേശിച്ചു. ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രി, തുറവൂര്‍,ചേര്‍ത്തല , ഹരിപ്പാട് ,കായംകുളം ഗവ.ആശൂപത്രികളില്‍ അപകടത്തില്‍പെടുന്നവര്‍ക്ക് മെച്ചപെട്ട ചികിത്സ ഉറപ്പാക്കാന്‍ വേണ്ട കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും എം പി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി.
ദേശീയപാതയിലും മറ്റു പ്രധാന റോഡുകളിലും സൈൻ ബോർഡുകൾ കൂടുതലായി സ്ഥാപിക്കണമെന്നും ഗതാഗത തടസ്സം കൂടുതലായി നേരിടുന്ന സ്ഥലങ്ങൾ കണ്ടെത്തി ട്രാഫിക് സിഗ്നൽ ലൈറ്റുകൾ കൂടുതലായി സ്ഥാപിക്കണമെന്നും എംപി നിർദേശം നൽകി. ആലപ്പുഴ ബൈപ്പാസിൽ രാത്രിയിൽ വെളിച്ചം തീരെ കുറവാണെന്ന് പരാതി ഉയരുന്ന സാഹചര്യത്തിൽ തെരുവ് വിളക്കുകൾ സ്ഥാപിക്കണമെന്നും ഉള്ളവ പ്രവർത്തന ക്ഷമമാക്കണമെന്നും ദേശീയപാതാ അധികൃതർക്ക് നിർദേശം നൽകി.