ന്യൂഡൽഹി: ആർഎസ്എസിന്റെ ശതാബ്ദി ആഘോഷങ്ങളുടെ സ്മരണാർഥം തപാൽ സ്റ്റാംപും നാണയവും പുറത്തിറക്കുന്നു. ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയുടെ സാന്നിധ്യത്തിൽ ഇന്ന് ഡൽഹിയിൽ നടക്കുന്ന ചടങ്ങിലാണു പ്രകാശനം നടക്കുക.ആഘോഷങ്ങളിൽ മുഖ്യാതിഥിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും.
1925ലെ വിജയദശമി ദിനത്തിൽ തുടങ്ങിയ ആർഎസ് എസിന് ഒക്ടോബർ 2ന് 100 വർഷം പൂർത്തിയാകും. സ്വാതന്ത്ര്യദിന പ്രസംഗത്തിലും കഴിഞ്ഞ ദിവസം മൻകി ബാത്തിലും പ്രധാനമന്ത്രി ആർഎസ്എസിന്റെ സേവനങ്ങളെക്കുറിച്ച് പരാമർശിച്ചിരുന്നു. ആദ്യ ശാഖ സ്ഥാപിച്ച നാഗ്പുരിലെ ആഘോഷ പരിപാടിയിൽ മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് മുഖ്യാതിഥി.
ലോകമെമ്പാടുമുള്ള സ്വയംസേവകരെ ആർഎസ്എസ് മേധാവി മോഹൻ ഭഗവത് അഭിസംബോധന ചെയ്യും. ഒരു വർഷം നീളുന്ന പരിപാടികളാണ് ശതാബ്ദി വർഷത്തിൽ നടക്കുന്നത്. ഓഗസ്റ്റിൽ ഡൽഹിയിൽ നടന്ന പ്രഭാഷണ പരിപാടിയുടെ മാതൃകയിൽ, നവംബർ 7, 8 തീയതികളിൽ ബെംഗളൂരുവിലും ഡിസംബർ 21ന് കൊൽക്കത്തയിലും പരിപാടികൾ നടത്തും.






