പമ്പാ: ശബരിമല തീർത്ഥാടക ഷോക്കേറ്റ് മരിച്ച സംഭവത്തിൽ കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് തിരുവാഭരണ പാത സംരക്ഷണ സമിതി. പരമ്പരാഗത പാതയിലുള്ള പോസ്റ്റിൽ നിന്ന് വാട്ടർ കിയോസ്കിലേക്ക് വൈദ്യുതി പ്രവഹിച്ചതാണ് അപകടകാരണമെന്ന് കണ്ടെത്തിയിരുന്നു. വാട്ടർ കിയോസ്ക് പോസ്റ്റിലേക്ക് കമ്പി ഉപയോഗിച്ച് കെട്ടിവെച്ചത് വൈദ്യുതി പ്രവഹിക്കാൻ കാരണമായി.
തിങ്കളാഴ്ച വൈകിട്ടാണ് തെലങ്കാന സ്വദേശി ഇ ഭരതമ്മ (64) വാട്ടർ കിയോസ്കിൽ നിന്ന് ഷോക്കേറ്റത്. ദർശനം കഴിഞ്ഞ് മടങ്ങവേ നീലിമലയിൽ വെച്ചാണ് അപകടം സംഭവിച്ചത്. ഉടനെ തന്നെ പമ്പ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഗുരുതര അനാസ്ഥയിൽ പരസ്പരം പഴിചാരുകയാണ് ദേവസ്വം ബോർഡും ജലഅതോറിറ്റിയുമെന്ന് തിരുവാഭരണ പാത സംരക്ഷണ സമിതി ജനറൽ സെക്രട്ടറി പ്രസാദ് കുഴികാല പ്രസ്താവിച്ചു.