മണിമണ്ഡപത്തിന് മുന്നിൽ ഒരുക്കിയ തറയിൽ നിലവിളക്കുകളും പന്തവും കൊളുത്തി ചടങ്ങുകൾ തുടങ്ങി. തുടർന്ന് മന്ത്രങ്ങൾ ചൊല്ലി കുമ്പളങ്ങ മുറിച്ച് മഞ്ഞൾപ്പൊടിയും ചുണ്ണാമ്പും കുഴച്ചുണ്ടാക്കിയ ചുവന്ന നിണമൊഴുക്കി ഗുരുതി നടത്തി.
മകരസംക്രമത്തിന്റെ ആറാം നാളാണ് പ്രകൃതിയുടെ ചൈതന്യമായ ഭദ്രകാളിക്ക് ഗുരുതി നടത്തുന്നത്. പ്രധാനമായും രണ്ട് ഭാഗങ്ങളാണ് ഗുരുതി ചടങ്ങിലുള്ളത്. ആദ്യത്തെ ചടങ്ങുകൾ മാത്രമേ ഭക്തജനങ്ങൾക്ക് കാണാൻ കഴിയുകയുള്ളു. രണ്ടാമത്തെ ചടങ്ങുകൾ മണിമണ്ഡപത്തിനുള്ളിൽ രാജപ്രതിനിധികളുടെ മാത്രം സാന്നിധ്യത്തിലാണ് നടക്കുന്നത്.
റാന്നി കുന്നയ്ക്കാട്ട് കുടുംബത്തിലെ കുറുപ്പന്മാർക്കാണ് ഗുരുതി ചടങ്ങുകൾ നടത്താനുള്ള അവകാശം. അജിത്ത് ജനാർദ്ദന കുറുപ്പ്, രതീഷ് അയ്യപ്പ കുറുപ്പ്, ജയകുമാർ ജനാർദ്ദന കുറുപ്പ് എന്നിവരാണ് ഗുരുതി കർമ്മങ്ങൾ നടത്തിയത്.