പത്തനംതിട്ട : ശബരിമല ദർശനത്തിന് എത്തുന്ന ഭക്തർക്ക് ഇൻഷുറൻസ് പരിരക്ഷയുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്തു വരുന്ന ഭക്തർക്കാണ് ഈ സംവിധാനം ഒരുക്കുന്നത്. അതിന് സർക്കാരിൽ നിന്ന് അന്തിമ തീരുമാനം ലഭിക്കേണ്ടതുണ്ട്.
വെർച്വൽ ക്യൂ ബുക്ക് ചെയ്യുമ്പോൾ ഓപ്ഷനായി ആയി 10 രൂപ കൂടുതൽ ഈടാക്കാനാണ് ദേവസ്വം ബോർഡ് ആലോചിക്കുന്നത്. ഈ തുക പദ്ധതി നിർവഹണ ചുമതലയുള്ള സ്ഥാപനത്തിന് കൈമാറും. പദ്ധതി പ്രാവർത്തികമാക്കുന്നതിനായി വിവിധ ഇൻഷുറൻസ് കമ്പനികളിൽ നിന്നും ക്വട്ടേഷൻ ക്ഷണിക്കാനും തീരുമാനിച്ചതായി ദേവസ്വം പ്രസിഡൻ്റ് പി എസ് പ്രശാന്ത് അറിയിച്ചു.
കഴിഞ്ഞ മണ്ഡലകാലത്ത് 55 പേരാണ് സന്നിധാനത്തും പമ്പയിലും മരിച്ചത്. അപകട മരണങ്ങൾ അല്ലാത്തതിനാൽ ഇവരുടെ കുടുംബങ്ങൾക്ക് ആനുകൂല്യങ്ങളൊന്നും ലഭിച്ചിരുന്നില്ല. വരുന്ന സീസണിൽ വെർച്വൽ ക്യൂ ബുക്കിംങ്ങിലൂടെ 80000 പേരെ പ്രവേശിപ്പിക്കാനാണ് പുതിയ നീക്കം