പത്തനംതിട്ട : തുലാമാസ പൂജകളും വിജയദശമി ആഘോഷങ്ങളും പൂർത്തിയാക്കി ശബരിമല ധർമ്മശാസ്താ ക്ഷേത്രനട ഇന്ന് (വ്യാഴാഴ്ച) രാത്രി 10 ന് അടയ്ക്കും. തുലാമാസ പൂജയും വിജയദശമിയും ഒരുമിച്ചു വന്ന ഇത്തവണത്തെ പ്രത്യേകത, നാല് പതിറ്റാണ്ടിന്റെ ഇടവേളയ്ക്ക് ശേഷം ശബരിമല മാളികപ്പുറം ദേവീക്ഷേത്രത്തിൽ വിദ്യാരംഭ ചടങ്ങുകൾ നടന്നു എന്നതാണ്.
തുലാമാസ പൂജകളും മഹാനവമി ദർശനങ്ങളും കഴിഞ്ഞെത്തിയ വിജയദശമി ദിനം സന്നിധാനത്തിന് അപൂർവ്വ അനുഭവമായി മാറി. നാല്പതു വർഷത്തിനു ശേഷമാണ് ശബരിമല മാളികപ്പുറത്ത് പൂജയെടുപ്പും വിദ്യാരംഭ ചടങ്ങുകളും നടന്നത്.
മാളികപ്പുറം ക്ഷേത്രത്തിൽ ഭഗവതിസേവ നടക്കുന്ന പ്രത്യേക സ്ഥലത്താണ് പൂജയെടുപ്പുകൾ നടന്നത്. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ മുഖ്യകാർമികത്വത്തിൽ ശബരിമല മേൽശാന്തി ഇ.ഡി. പ്രസാദ് നമ്പൂതിരിയും മാളികപ്പുറം മേൽശാന്തി എം.ജി. മനു നമ്പൂതിരിയും ചേർന്ന് നിരവധി കുരുന്നുകളെ എഴുത്തിനിരുത്തി. വിജയദശമി ദിനത്തിൽ അയ്യപ്പദർശനത്തിനും വിദ്യാരംഭത്തിനുമായി വൻ തിരക്കാണ് സന്നിധാനത്ത് അനുഭവപ്പെട്ടത് .
തുലാമാസ പൂജയോടനുബന്ധിച്ച് സന്നിധാനത്ത് പ്രത്യേക പൂജകളും നടന്നു. കളം വരച്ച് ബ്രഹ്മകലശം, അഖണ്ഡ ബ്രഹ്മകലശം, പരികലശങ്ങൾ എന്നിവ സ്ഥാപിച്ച് 1001 കലശങ്ങൾ നിറച്ചുള്ള പൂജകൾ തന്ത്രിയുടെ കാർമികത്വത്തിൽ പൂർത്തിയായി. തുടർന്ന് അയ്യപ്പവിഗ്രഹത്തിൽ സഹസ്രകലശാഭിഷേകം നടന്നു.
ഇന്നത്തെ പൂജകൾ പൂർത്തിയാക്കി രാത്രി പത്തിന് മേൽശാന്തി ഇ.ഡി. പ്രസാദ് നമ്പൂതിരി അയ്യപ്പവിഗ്രഹത്തിൽ ഭസ്മാഭിഷേകം നടത്തി ക്ഷേത്രനട അടയ്ക്കും. തുലാമാസ പൂജകൾക്കും വിദ്യാരംഭ ചടങ്ങുകൾക്കും സമാപനം കുറിച്ച് നട അടയ്ക്കുന്നതോടെ, അടുത്തതായി വരുന്നത് നടതുറക്കലിന്റെ മണ്ഡലം-മകരവിളക്ക് സീസണാണ്.
വരുന്ന നവംബർ 16-ന് മണ്ഡലം-മകരവിളക്ക് ഉത്സവത്തിനായി ശബരിമല നട വീണ്ടും തുറക്കും. അന്ന് പുതിയതായി തിരഞ്ഞെടുക്കപ്പെട്ട മേൽശാന്തിമാർ ചുമതലയേൽക്കും. ശബരിമല പുതിയ മേൽശാന്തിയായി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയും, മാളികപ്പുറം പുതിയ മേൽശാന്തിയായി എ. ദാമോദരൻ നമ്പൂതിരിയും അന്ന് ചുമതലയേറ്റ് കർമ്മനിരതരാകും.





