തിരുവനന്തപുരം : ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ 2024 വിഷുവിന് ആരംഭിച്ച് കുലശേഖരമണ്ഡപത്തില്‍ നടന്നുവരുന്ന വിഷ്ണുസഹസ്രനാമ നിത്യജപം ഇരുപതുകോടി നാമജപം പൂർത്തിയാകുന്നു.ശ്രാവണപൂർണ്ണിമയായ ശനിയാഴ്ച രാവിലെ 8.30 ന് ശീവേലിപ്പുരയിൽ ആയിരക്കണക്കിന് ഭക്തർ പ്രദക്ഷിണമായി ഇരുന്നു 3 ആവർത്തി സഹസ്രനാമം ജപിക്കും.
6 മണിമുതൽ ജപത്തിനുള്ള സ്പോട്ട് രജിസ്ട്രേഷൻ കൌണ്ടർ പ്രവർത്തിക്കും. ശ്രീപദ്മനാഭ ഭക്തമണ്ഡലിയുടെ നേതൃത്വത്തിൽ നടക്കുന്ന മൂന്നാംഘട്ടം സമർപ്പണമാണിത്. ജപത്തിന് പാലക്കാട് ദയാനന്ദാശ്രമം മഠാധിപതി സ്വാമി കൃഷ്ണാത്മാനന്ദസരസ്വതി നേതൃത്വം നല്കും.
പങ്കെടുക്കുന്ന ഭക്തജനങ്ങൾക്കുള്ള എല്ലാ ക്രമീകരണങ്ങളും ഒരുങ്ങിയതായി ക്ഷേത്രം ഭാരവാഹികളും ഭക്തമണ്ഡലി പ്രവർത്തകരും അറിയിച്ചു. ജപത്തിനും ദർശനത്തിനും ശേഷം വടക്കേനടയിലെ സമർപ്പണസഭയിൽ ക്ഷേത്രം തന്ത്രിവര്യൻ നെടുമ്പിള്ളി തരണനല്ലൂർ സതീശൻ നമ്പൂതിരിപ്പാട് ദീപം തെളിയിക്കും.
പൂയംതിരുനാൾ ഗൌരി പാർവ്വതി ഭായി തമ്പുരാട്ടി, അശ്വതി തിരുനാൾ ഗൌരി ലക്ഷ്മിഭായി തമ്പുരാട്ടി, ആദിത്യവർമ്മതമ്പുരാൻ, ക്ഷേത്രഭരണസമിതി അംഗങ്ങളായ കരമന ജയൻ, അഡ്വ. എ. വേലപ്പൻനായർ, ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ ബി.മഹേഷ് എന്നിവർ പ്രസംഗിക്കും.