ചങ്ങനാശേരി : സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് സുരക്ഷിതവും അന്തസ്സുള്ളതുമായ ഭവനങ്ങൾ ഒരുക്കുക എന്ന ലക്ഷ്യത്തോടെ സർഗക്ഷേത്ര സീനിയർ സിറ്റിസൺസ് ഫോറം ആവിഷ്കരിച്ച ‘റീബിൽഡ് 2025’ പദ്ധതിയുടെ പൂർത്തീകരണ പ്രഖ്യാപനം കോട്ടയം ജില്ലാ കളക്ടർ ചേതൻ കുമാർ മീന നിർവഹിച്ചു. ജോർജ് പടനിലം ഫൗണ്ടേഷന്റെ സഹകരണത്തോടെയും സർഗക്ഷേത്ര 89.6 FM റേഡിയോയുടെയും ക്രിസ്തു ജ്യോതി കോളേജിൻ്റെയും എസ് ബി കോളേജ് NSS യൂണിറ്റിന്റെയും പങ്കാളിത്തത്തോടെയുമാണ് പദ്ധതി നടപ്പിലാക്കിയത്.
ഡിസംബർ 27 ന് സർഗക്ഷേത്ര ജെ.കെ.വി ഹാളിൽ നടന്ന ചടങ്ങിൽ വാഴപ്പള്ളി ഗ്രാമപഞ്ചായത്തിൽ പുതുതായി ചുമതലയേറ്റ ജനപ്രതിനിധികളെ ആദരിച്ചു. പ്രാദേശിക വികസനത്തിൽ ജനപ്രതിനിധികളും സന്നദ്ധ സംഘടനകളും കൈകോർക്കണമെന്ന് കളക്ടർ ഓർമ്മിപ്പിച്ചു.
സി.എം.ഐ തിരുവനന്തപുരം പ്രോവിന്സിന്റെ പ്രൊവിൻഷ്യൽ റവ. ഫാ. ആന്റണി ഇളംതോട്ടം CMI ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സർഗ്ഗക്ഷേത്ര ഡയറക്ടർ ഫാ. അലക്സ് പ്രായിക്കളം CMI, ഡോ. ജോർജ് പടനിലം, മടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ലാലമ്മ ടോമി , വാഴപ്പള്ളി ഗ്രാമ പഞ്ചായത്ത്, പ്രസിഡന്റ്, ജോസ് നടുവിലേഴം,M T സെബാസ്റ്റ്യൻ തുടങ്ങിയവർ പ്രസംഗിച്ചു
അടിസ്ഥാന സൗകര്യങ്ങളില്ലാതെ ബുദ്ധിമുട്ടിയിരുന്ന നിർധനരായ 25 കുടുംബങ്ങൾക്കാണ് പദ്ധതിയിലൂടെ സഹായമെത്തിയത്. കേവലം 125 ദിവസങ്ങൾ കൊണ്ട് ഇത്രയധികം വീടുകളുടെ നിർമ്മാണവും നവീകരണവും പൂർത്തിയാക്കാൻ സാധിച്ചതെന്ന് സർഗക്ഷേത്ര ഡയറക്ടർ ഫാ. അലക്സ് പ്രായിക്കളം സി.എം.ഐ പറഞ്ഞു. ഇതിൽ അഞ്ചു വീടുകൾ സർഗ്ഗക്ഷേത്ര സീനിയർ സിറ്റിസൺസ് ഫോറം മുൻ പ്രസിഡന്റ് പരേതനായ പ്രൊഫ. പി.ജെ. ദേവസ്യ പടനിലത്തിന്റെ സ്മരണാർത്ഥമാണ് നിർമ്മിച്ചു നൽകിയത്.






