ഷിരൂർ : ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുൻ പുഴക്കടിയിൽ കിടക്കുന്ന ലോറിക്കുള്ളിൽ ഉണ്ടോ എന്ന് പരിശോധിക്കും.ഇന്ന് മുങ്ങൽ വിദഗ്ധരടങ്ങുന്ന സംഘം ലോറി കണ്ടെത്തിയ ഗംഗാവലി നദിയിലേക്ക് ഇറങ്ങും. ലോറി കിടക്കുന്ന അവസ്ഥയും സ്ഥാനവും കൃത്യമായി നിർണയിക്കാൻ ഡ്രോൺ ഉപയോഗിച്ച് പരിശോധന നടത്തും. ഡ്രോൺ ഉപയോഗിച്ച് പ്രവർത്തിക്കുന്ന സ്കാനറിൽ പുഴയ്ക്കടിയിലെ ദൃശ്യം കിട്ടും. ഉച്ചയോടെ ഈ പരിശോധന തുടങ്ങുമെന്നാണ് വിവരം.
ഇന്നലെ ലോറി കണ്ടെത്തിയ സാഹചര്യത്തിൽ കാബിനുളളിൽ അർജുൻ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്നാണ് ആദ്യം പരിശോധിക്കുക. കരയിൽ നിന്നും 40 അടി അകലെ 15 മീറ്റർ ആഴത്തിലാണ് ലോറി കിടക്കുന്നത്.ഷിരൂരിൽ പെയ്യുന്ന കനത്ത മഴ ദൗത്യത്തിന് വലിയ വെല്ലുവിളിയാണ്. ഉത്തര കന്നഡ ജില്ലയിൽ കാലാവസ്ഥാ വിഭാഗം ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ മഴ പെയ്താൽ ഡ്രോൺ ഉപയോഗിച്ചുള്ള തിരച്ചിൽ നടക്കില്ലെന്ന് അധികൃതർ പറഞ്ഞു.