പത്തനംതിട്ട : പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കെതിരായ ലൈംഗികാതിക്രമക്കേസിൽ 18-കാരനെ കോന്നി പോലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു. കോന്നി മങ്ങാരം ദേവീദർശനം വീട്ടിൽ ദിനേശിന്റെ മകൻ ദേവദർശനാണ് (18) അറസ്റ്റിലായത്. 15 വയസ്സുള്ള പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് കേസ്.
നവംബർ 4-ന് രാത്രി മുതൽ നവംബർ 6-ന് രാത്രി വരെയുള്ള കാലയളവിൽ പെൺകുട്ടിയുടെ വീടിന് മുന്നിൽ വച്ചാണ് കേസിനാസ്പദമായ സംഭവം നടന്നതെന്നാണ് പരാതി. മൊബൈൽ ഫോൺ മുഖേന പെൺകുട്ടിയുമായി ബന്ധം സ്ഥാപിച്ച പ്രതി പിന്നീട് ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതിയിൽ പറയുന്നത്.
പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കോന്നി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. തുടർന്ന് നവംബർ 7-ന് വൈകിട്ടോടെ പ്രതിയെ അറസ്റ്റ് ചെയ്തു. പോക്സോ നിയമത്തിലെ വിവിധ വകുപ്പുകൾക്കും ഭാരതീയ ന്യായസംഹിതയിലെ ബന്ധപ്പെട്ട വകുപ്പുകൾക്കും കീഴിലാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. പത്തനംതിട്ട ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
കോന്നി പോലീസ് സ്റ്റേഷൻ എസ്.ഐ. (എസ്.എച്ച്.ഒ.) ശ്യാം എസ്.എസ്., എസ്.സി.പി.ഒ. രഞ്ജിത്, അനീഷ്, കെ.ബി. ബിജു എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്





