തിരുവനന്തപുരം : പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ഥി ജെ.എസ്.സിദ്ധാര്‍ഥന്റെ മരണത്തെക്കുറിച്ചുള്ള അന്വേഷണ കമ്മിഷൻ റിപ്പോർട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് കൈമാറി.ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് എ.ഹരിപ്രസാദ് ആണ് അന്വേഷണ റിപ്പോര്‍ട്ട് രാജ്ഭവനിലെത്തി ഗവർണർക്കു കൈമാറിയത്.സംഭവത്തിൽ മുൻ വിസി എം ആർ ശശീന്ദ്രനാഥിന് വീഴ്ച പറ്റിയെന്ന് റിപ്പോർട്ടിലുണ്ട് .സമയബന്ധിതമായി നടപടി എടുത്തില്ലെന്നാണ് ജുഡീഷ്യൽ അന്വേഷണ കമ്മീഷൻ കണ്ടെത്തിയിരിക്കുന്നത്.സിദ്ധാര്‍ഥന്റെ മരണത്തിനു പിന്നാലെ വിസിയെ ഗവര്‍ണര്‍ പുറത്താക്കിയിരുന്നു.
സിദ്ധാർത്ഥന്‍റെ മരണത്തിൽ സർവ്വകലാശാലയ്ക്ക് ഭരണപരമായ വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്നതാണ് കമ്മീഷൻ അന്വേഷിച്ചത്. വെറ്ററിനറി സര്‍വകലാശാല വൈസ് ചാന്‍സലര്‍, ഡീന്‍, സിദ്ധാര്‍ഥന്റെ രക്ഷിതാക്കള്‍, സഹപാഠികള്‍, അധ്യാപകര്‍, പ്രതിപ്പട്ടികയിലുള്ള രണ്ട് വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ എന്നിവര്‍ ഉള്‍പ്പെടെ 29 പേരില്‍ നിന്ന് കമ്മിഷൻ മൊഴിയെടുത്തിരുന്നു.
2024 ഫെബ്രുവരി 18നാണ് ഹോസ്റ്റലിലെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ സിദ്ധാർത്ഥിനെ കണ്ടെത്തിയത്.തുടർന്ന് മാർച്ചിൽ ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് എ.ഹരിപ്രസാദിനെ അന്വേഷണ കമ്മിഷനായി ചാന്‍സലര്‍ കൂടിയായ ഗവർണർ നിയമിക്കുകയായിരുന്നു