റാന്നി : പെരുനാട്ടിലെ കുനങ്കരയിൽ റബർ തോട്ടത്തിൽ തലയോട്ടിയും അസ്ഥികൂടങ്ങളും കണ്ടെത്തിയ സംഭവത്തിൽ ഇവ 60 വയസ് കഴിഞ്ഞ പുരുഷൻ്റേതാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. കോട്ടയം മെഡിക്കൽ കോളേജിൽ നടന്ന പരിശോധനയിലാണ് ഫോറൻസിക് വിഭാഗം ഇത് സ്ഥിരീകരിച്ചത്.
വെള്ളിയാഴ്ചയാണ് റബർ തോട്ടത്തിൽ തലയോട്ടിയും അസ്ഥികൂട ഭാഗങ്ങളും പെരുനാട് പൊലീസ് കണ്ടെത്തിയത്. ഇവിടം മരം മുറിക്കാൻ എത്തിയവരാണ് തലയോട്ടിയും മറ്റു ഭാഗങ്ങളും കിടക്കുന്നത് കണ്ടത്.
പൊലീസ് നടത്തിയ പരിശോധനയിൽ പിന്നീട് ഒരു ഷർട്ട് കൂടി കണ്ടെത്തിയിരുന്നു. കഴിഞ്ഞ ഒന്നര വർഷമായി ടാപ്പിങ് ഇല്ലാതെ കിടന്ന പ്രദേശമായിരുന്നു ഇത്. പ്രദേശവാസികളെ ചോദ്യം ചെയ്തതിൽ നിന്ന് ഇതുവരെ തുമ്പൊന്നും ലഭിച്ചില്ലെന്ന് പൊലീസ് പറഞ്ഞു.