ന്യൂയോർക്ക് : ഒൻപതു മാസത്തിലേറെ നീണ്ട കാത്തിരിപ്പിനു ശേഷം ഇന്ത്യൻ വംശജ സുനിത വില്യംസും സംഘവും സുരക്ഷിതരായി ഭൂമിയിൽ തിരിച്ചെത്തി. ഇന്ത്യന്‍ സമയം രാവിലെ 3.30നാണ് സ്‌പേസ് എക്‌സിന്റെ ഡ്രാഗണ്‍ ക്രൂ പേടകം മെക്സിക്കൻ ഉള്‍ക്കടലില്‍ ഫ്‌ളോറിഡ തീരത്തോട് ചേര്‍ന്ന് കടലില്‍ ഇറങ്ങിയത്. സുനിത വില്യംസ് ,ബുച്ച് വിൽമോർ, നിക് ഹേഗ്, അലക്സാണ്ടർ ഗോർബുനോവ് എന്നീ ബഹിരാകാശ യാത്രികരായിരുന്നു പേടകത്തിലുണ്ടായിരുന്നത് .
കടൽപരപ്പിലിറങ്ങിയ പേടകത്തെ എംവി മേഗൻ എന്ന റിക്കവറി ഷിപ്പിലേക്കു മാറ്റി. ശേഷം പേടകത്തിന്റെ വാതിൽ തുറന്ന് യാത്രികരെ ഓരോരുത്തരെയായി പുറത്തിറക്കി. ഇവരെ പ്രത്യേക സ്ട്രച്ചറിൽ മെഡിക്കൽ പരിശോധനകൾക്കായി കൊണ്ടു പോയി. ആഴ്ചകൾ നീളുന്ന ഫിസിക്കൽ തെറാപ്പിയും മെഡിക്കൽ നിരീക്ഷണവുമാണ് സംഘത്തിന് ഏർപ്പെടുത്തിയിരിക്കുന്നത്.
അതേസമയം,ബഹിരാകാശ യാത്രികരെ രക്ഷിക്കുമെന്ന് പ്രസിഡന്റ് ട്രംപ് നല്‍കിയ വാക്ക് പാലിച്ചുവെന്ന് വൈറ്റ് ഹൗസ് ട്വീറ്റ് ചെയ്തു. സ്‌പേസ് എക്‌സ്, ഇലോണ്‍ മസ്‌ക്, നാസ തുടങ്ങിയവര്‍ക്ക് വൈറ്റ് ഹൗസ് നന്ദി അറിയിച്ചു.