തിരുവനന്തപുരം : താലൂക്ക് തലത്തിൽ പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കുന്നതിനായി മന്ത്രിമാരുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന താലൂക്ക് തല അദാലത്തുകൾ തിങ്കളാഴ്ച്ച മുതൽ ആരംഭിക്കും. അദാലത്തിൻ്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ഗവൺമെൻ്റ് വിമൻസ് കോളേജിൽ തിങ്കളാഴ്ച്ച രാവിലെ 10 ന് മുഖ്യമന്ത്രി നിർവഹിക്കും.തിരുവനന്തപുരം, പത്തനംതിട്ട, കോഴിക്കോട്, കണ്ണൂർ, കോട്ടയം എന്നിവിടങ്ങളിൽ അദാലത്തുകൾ തിങ്കളാഴ്ച തുടങ്ങും.
സംസ്ഥാനത്തെ എല്ലാ താലൂക്കിലും മന്ത്രിമാർ നേരിട്ടെത്തി ജനങ്ങളുടെ പരാതികൾ സ്വീകരിക്കുകയും പരിഹരിക്കാൻ കഴിയുന്ന പരാതികൾ തൽസമയം തീർപ്പാക്കുകയുമാണ് താലൂക്ക് അദാലത്ത് കൊണ്ട് ലക്ഷ്യം വെയ്ക്കുന്നത്.
ഡിസംബർ 9 ന് ആരംഭിക്കുന്ന താലൂക്ക്തല അദാലത്തുകൾ ജനുവരി 13 വരെ നീണ്ട് നിൽക്കും. karuthal.kerala.gov.in എന്ന സൈറ്റ് മുഖാന്തരമാണ് പരാതികൾ സമർപ്പിക്കേണ്ടത്. പരാതിക്കാർക്ക് സൈറ്റ് വഴി സ്വന്തമായോ അക്ഷയ സെൻ്റർ വഴിയോ താലൂക്ക് ഓഫീസിലെ ഹെൽപ്പ് ഡെസ്ക് വഴിയോ പരാതികൾ സമർപ്പിക്കാം.കൂടാതെ അദാലത്ത് നടക്കുന്ന സ്ഥലങ്ങളിൽ ഒരുക്കിയ ഹെൽപ്പ് ഡെസ്ക് മുഖാന്തിരവും പരാതികൾ സമർപ്പിക്കാവുന്നതാണ്.
പോർട്ടൽ വഴി ലഭിക്കുന്ന പരാതികൾ ജില്ലാ കളക്ട്രേറ്റുകളിൽ നിന്ന് ബന്ധപ്പെട്ട വകുപ്പിലേക്ക് അതേ പോർട്ടൽ വഴി അയച്ച് നൽകും. പരാതികൾ പരിശോധിച്ച് വകുപ്പുകൾ നടപടി സ്വീകരിച്ച് ബന്ധപ്പെട്ട രേഖകൾ സഹിതം അതേ പോർട്ടൽ വഴി തിരികെ നൽകും.