ന്യൂഡൽഹി: ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്കു നേരെയുണ്ടായ ഭീകരാക്രമണത്തില്‍ 26 പേര്‍ കൊല്ലപ്പെട്ടതായി പ്രദേശിക മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യ്തു. മരിച്ചവരിൽ രണ്ട് വിദേശികളും ഉള്ളതായി സൂചന. ഒഡീഷ, കർണാടക, മഹാരാഷ്ട്ര,ഗുജറാത്ത് എന്നിവിടങ്ങളിൽ നിന്നെത്തിയ വിനോദസഞ്ചാരികള്‍ ആണ് ആക്രമണത്തിന് ഇരയായത്. അന്വേഷണം എൻ ഐ എ ഏറ്റെടുത്തു.
ജമ്മുകശ്മീരില്‍ 2019ന് ശേഷം നടക്കുന്ന ഏറ്റവും വലിയ ഭീകരാക്രമണമാണ് പഹല്‍ഗാമില്‍ നടന്നത്. ഇന്ന് (ചൊവ്വാഴ്ച്ച) ഉച്ചയ്ക്ക് 2:30 ഓടെയാണ് പഹല്‍ഗാമിലെ ബൈസരന്‍ പുല്‍മേട്ടില്‍ വെടിവെപ്പുണ്ടായത്. സൈനിക വേഷത്തിലെത്തിയ ഭീകരര്‍ പ്രദേശത്ത് വിശ്രമിക്കുകയും കുതിരപ്പുറത്ത് സഞ്ചരിക്കുകയും ചെയ്യുന്ന വിനോദസഞ്ചാരികള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.
ആക്രമണത്തിന് തൊട്ടുപിന്നാലെ സുരക്ഷാ സേന പ്രദേശത്തെത്തി. ഭീകര സംഘടനയായ ലഷ്‌കര്‍-ഇ-തൊയ്ബയുടെ പ്രാദേശിക ശാഖയായ റെസിസ്റ്റന്‍സ് ഫ്രണ്ട് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. ഹീനമായ പ്രവർത്തിക്ക് പിന്നിൽ ഉള്ളവരെ വെറുതെ വിടില്ലെന്ന് പ്രധാനമന്ത്രി എക്സിൽ കുറിച്ചു. ആക്രമണത്തെ ലോക രാജ്യങ്ങൾ അപലപിച്ചു.