തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ മാർഗ്ഗഴി കളഭത്തോടനുബന്ധിച്ചുള്ള തൈ പെരുന്തിരമൃതുപൂജ 24ന് ക്ഷേത്ര തന്ത്രിയുടെ മുഖ്യകാർമ്മികത്വത്തിൽ നടക്കും. അന്നേ ദിവസം ഭഗവാന് കലശാഭിഷേകങ്ങളും, നെയ്യ് അഭിഷേകവും, തേൻ അഭിഷേകവും ഉണ്ടാകും. അഭിഷേകം ചെയ്യുന്ന തേൻ, നെയ്യ് എന്നീ പ്രസാദങ്ങൾ ഭക്തജനങ്ങൾക്ക് ക്ഷേത്രത്തിന്റെ നാലുനടകളിലുമുളള കൗണ്ടറുകൾ വഴി ശീട്ടാക്കി വാങ്ങാവുന്നതാണ്.
ഈ ദിവസം പുലർച്ചെ നിർമ്മാല്യദർശനം കഴിഞ്ഞ് രാവിലെ 06.30 മുതൽ 07.00 മണി വരെയും 09.30 മുതൽ 10.30 മണി വരെയും മാത്രമേ ഭക്തർക്ക് ദർശനം ഉണ്ടായിരിക്കുകയുളളൂ.
വൈകിട്ട് 4.30 മുതൽ 6 മണി വരെ ദർശനവും തുടർന്ന് തന്ത്രിയുടെ മുഖ്യകാർമികത്വത്തിൽ ശ്രീഭൂതബലിയും 08.30 മണിയോടുകൂടി ശ്രീബലി എഴുന്നളളിപ്പും ഉണ്ടായിരിക്കും. അത്താഴ ശീവേലിക്ക് ശേഷം ദർശനം ഉണ്ടായിരിക്കുന്നതല്ല.