കോഴഞ്ചേരി : പമ്പാ ജലസേചന പദ്ധതിയുടെ കോഴഞ്ചേരി ടി. ബി. ജംഗ്ഷനിലുള്ള 255/33 സര്‍വ്വേനമ്പരില്‍പ്പെട്ട 4.24 സെന്റ് സ്ഥലം തൊട്ടടുത്തുള്ള സ്വകാര്യ വ്യക്തിയുടെ വസ്തുവിനോട് ചേര്‍ത്ത് വന്‍തുകയ്ക്ക് ബാറുടമയ്ക്ക് വിറ്റതായി കാട്ടി കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റി രംഗത്ത്. ഈ കച്ചവടത്തില്‍ പമ്പാജലസേചന പദ്ധതി, റവന്യൂ, പഞ്ചായത്ത് എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരും സിപിഎമ്മിന്റെ പ്രാദേശിക നേതൃത്വവും വന്‍തുക കൈക്കൂലിയായി വാങ്ങിയിട്ടുണ്ടെന്ന് കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റി ആരോപിച്ചു.
ഇറിഗേഷന്‍ വകുപ്പിന്റെ ബോര്‍ഡ് ഇരുന്ന സ്ഥലമാണ് വില്പന നടന്നത്.
ലക്ഷങ്ങളുടെ അഴിമതി നടന്ന കച്ചവടത്തില്‍ ഇടനിലക്കാരായി നിന്ന ഉദ്യോഗസ്ഥരുടെ പേരില്‍ നടപടി സ്വീകരിക്കണമെന്നും പോക്കുവരവ് റദ്ദാക്കി വസ്തു ഇറിഗേഷന് തിരികെ നല്കണമെന്നും ആവശ്യപ്പെട്ട് കാണ്‍ഗ്രസ് മണ്ഡലം കമ്മറ്റി മുഖ്യമന്ത്രി, റവന്യൂമന്ത്രി, ഇറിഗേഷന്‍ മന്ത്രി എന്നിവര്‍ക്ക് പരാതി നൽകി.
നടപടി സ്വീകരിച്ചില്ലെങ്കില്‍ നിയമപരമായി നീങ്ങുമെന്നും പ്രത്യക്ഷ സമരപരിപാടികള്‍ ആരംഭിക്കുമെന്നും കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ജെറി മാത്യു സാം, മണ്ഡലം പ്രസിഡന്റ് ജോമോന്‍ പുതുപ്പറമ്പില്‍, ഗ്രാമപഞ്ചായത്ത് അംഗം സുനിത ഫിലിപ്പ്, അശോക് ഗോപിനാഥ്, അനീഷ് ചക്കുങ്കല്‍, സി. വര്‍ഗീസ് എന്നിവർ ദേശം ന്യൂസിനോട് പറഞ്ഞു.