കോഴഞ്ചേരി : 130-ാ മത് മാരാമണ്‍ കണ്‍വന്‍ഷന്റെ പന്തല്‍ കാല്‍നാട്ട് മാരാമണ്‍ മണല്‍പ്പുറത്ത് ജനുവരി 6 ന് (തിങ്കൾ) രാവിലെ 7 ന് നടക്കും.
സുവിശേഷ പ്രസംഗ സംഘം പ്രസിഡന്റ് ഡോ. ഐസക്ക് മാര്‍ ഫിലക്‌സിനോസ് എപ്പിസ്‌കോപ്പായുടെ നേതൃത്വത്തിലും സഭയിലെ തിരുമേനിമാരുടെ സാന്നിദ്ധ്യത്തിലും മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭയുടെ പരമാദ്ധ്യക്ഷനും 22-ാം മാര്‍ത്തോമ്മയുമായ ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ കാൽ നാട്ടു കർമം നിർവഹിക്കും. ഫെബ്രുവരി 9 മുതല്‍ 16 വരെയാണ് മാരാമണ്‍ കണ്‍വന്‍ഷന്‍ യോഗങ്ങൾ നടക്കുന്നത്.
ഒരുലക്ഷം പേരെ ഉള്‍ക്കൊള്ളാവുന്ന വിശാലമായ പന്തലിന്റെ നിര്‍മ്മാണത്തിനാണ് പമ്പാ നദിയുടെ തീരത്തെ മണല്‍ത്തിട്ട ഒരുങ്ങുന്നത്. പമ്പാ നദിക്ക് കുറുകെ പ്രത്യേകം തയ്യാറാക്കുന്ന നടപ്പാലങ്ങളുടെ നിര്‍മ്മാണം പുരോഗമിക്കുന്നു. സംഘം ജനറല്‍ സെക്രട്ടറി റവ. എബി കെ. ജോഷ്വാ ജനറല്‍ കണ്‍വീനറായി പ്രൊഫ. ഏബ്രഹാം പി. മാത്യു (ലേഖക സെക്രട്ടറി), റവ. ജിജി വറുഗീസ് (സഞ്ചാര സെക്രട്ടറി), ഡോ. എബി തോമസ് വാരിക്കാട് (ട്രഷറര്‍) എന്നിവര്‍ നേതൃത്വം നല്‍കും.
കണ്‍വന്‍ഷന്റെ നടത്തിപ്പിന് വിപുലമായ ക്രമീകരണങ്ങള്‍ നടന്നു വരുന്നതായി സംഘം ജനറല്‍ സെകട്ടറി റവ. എബി കെ. ജോഷ്വാ, പബ്ലിസിറ്റി കമ്മറ്റി കണ്‍വീനര്‍മാരായ തോമസ് കോശി, റ്റിജു എം. ജോര്‍ജ്ജ് എന്നിവര്‍ അറിയിച്ചു.