തിരുവല്ല: പാർട്ടി ഏൽപ്പിച്ചിരിക്കുന്നത് ഒരു വലിയ ഉത്തരവാദിത്വമാണെന്നും വരാൻ പോകുന്ന ദിവസങ്ങൾ പ്രവർത്തകർ കഠിനാധ്വാനം ചെയ്യേണ്ട ദിവസങ്ങളാണെന്നും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണി പറഞ്ഞു. വൈ എം സി എ യിൽ ബിജെപി തിരുവല്ല നിയോജക മണ്ഡലം സംഘടിപ്പിച്ച സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുക ആയിരുന്നു അദ്ദേഹം.
രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തിൽ വരാൻ പോകുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലും നിയമസഭാതിരഞ്ഞെടുപ്പിലും ബി.ജെ.പി കേരളത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ ശക്തിയായി മാറാൻ പോകുന്നു. രണ്ട് എം.പിമാരിൽ നിന്ന് 3 തവണ അധികാരത്തിലേറുന്ന ഒരു രാഷ്ട്രീയ പാർട്ടിയാണ് ഭാരതീയ ജനതാ പാർട്ടി. എന്നാൽ കേരളത്തിലെ സ്ഥിതി അതല്ല ദേശീയ തലത്തിൽ പല സംസ്ഥാനങ്ങളിലും പാർട്ടിയെ വളർത്തിയതു പോലെ കേരളത്തിലും പാർട്ടിയ വളർത്തേണ്ട ഉത്തരവാദിത്വമാണ് നമുക്കുള്ളത്.
2024 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ 20% വോട്ടാണ് ബി ജെ പി നേടിയത്. കേരളത്തിലെ അഞ്ചിൽ ഒരാൾ ബിജെപി യ്ക്കൊപ്പമാണ്. ഇന്ന് കേരളം മാറ്റത്തിന് വേണ്ടി ആഗ്രഹിക്കുകയാണ്. കേരളത്തിൽ വികസനമുണ്ടാകണമെങ്കിൽ ബിജെപി എംഎൽഎ മാർ ഉണ്ടാകണം.വരാൻ പോകുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ തിരുവല്ലയെ മാറ്റിയെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തുടർന്ന് നടന്ന സമ്മേളനം വി എ സൂരജ് ഉദ്ഘാടനം ചെയ്തു. തിരുവല്ല മണ്ഡലം പ്രസിഡൻ്റ് രാജേഷ് കൃഷ്ണ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി വിജയകുമാർ മണിപ്പുഴ മുഖ്യ പ്രഭാഷണം നടത്തി. കവിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എം.ഡി ദിനേശ് കുമാർ, ജില്ലാ സെക്രട്ടറിമാരായ രൂപേഷ് അടൂർ, സുജാ ഗിരീഷ് , മല്ലപ്പള്ളി മണ്ഡലം പ്രസിഡൻ്റ് ടിറ്റു തോമസ്,സംസ്ഥാന കമ്മിറ്റിയംഗം ജി. നരേഷ്, വിനോദ് തിരുമൂലപുരം, അഡ്വ. അരുൺ പ്രകാശ്, വിജയകുമാർ വി.വി,അനിൽകുമാർ ഇജെ, പ്രവീൺ അമ്പാടി, അനീഷ് കുമാർ, എജെ ജോൺ തുടങ്ങിയവർ പ്രസംഗിച്ചു.