പത്തനംതിട്ട : വാര്യാപുരം ഭവൻസ് വിദ്യാമന്ദിർ പരിസരത്ത് നിന്ന് പച്ച മണ്ണ് കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് യുവാവിന് മർദ്ദനമേറ്റ സംഭവത്തിൽ ടിപ്പർ ലോറി ഡ്രൈവർക്കെതിരെ പോലീസ് കേസെടുത്തു.
ശാസ്താംകോട്ട പള്ളിശേരിക്കൽ സ്വദേശി മുനീറിനാണ് (24) മർദനമേറ്റത്. പച്ചമണ്ണ് കൊണ്ടു പോകുന്നതിനുള്ള പാസ് നൽകാത്തതിൻ്റെ പേരിൽ യുവാവിനെ ആക്രമിച്ചതിന് ടിപ്പർ ലോറി ഉടമ മാവേലിക്കര സ്വദേശി മഹേഷിൻ്റെ നേതൃത്വത്തിൽ മർദിച്ചതെന്ന് കാട്ടി മണ്ണെടുക്കുന്നതിന് കരാർ എടുത്ത ശാസ്താംകോട്ട സ്വദേശി നിസാം ആണ് പൊലീസിൽ പരാതി നൽകിയത്.
സ്കൂൾ ഗ്രൗണ്ട് നിരപ്പാക്കുന്നതിന് കഴിഞ്ഞ മേയ് മാസം മുതൽ ഇവിടെ നിന്ന് മണ്ണ് നീക്കം ചെയ്തു കൊണ്ടിരിക്കുകയായിരുന്നു. 2 മാസം മുമ്പ് മഹേഷിൻ്റെ ടോറസ് ലോറി മണ്ണു കൊണ്ടുപോയ വകയിൽ 48, 500 രൂപ നിസാമിന് നൽകാനുണ്ട്.
ശനിയാഴ്ച ടിപ്പറുമായി എത്തി മണ്ണ് കയറ്റിയ ശേഷം മഹേഷ് പാസിനായി മുനീറിനെ സമീപിച്ചു. എന്നാൽ നേരത്തെയുള്ള തുക അടച്ചുതീർക്കാതെ പാസ് നൽകാനാവില്ലെന്ന് മുനീർ പറഞ്ഞു. മടങ്ങിപ്പോയ മഹേഷ് ആളുകളുമായി എത്തി പാസ് ബലമായി എഴുതി വാങ്ങാൻ ശ്രമിച്ചത് സംഘർഷത്തിലെത്തി. ഇതിനിടെ മുനീറിന് മർദനമേൽക്കുകയും ചെയ്തു. വിവരമറിഞ്ഞ സ്കൂൾ അധികൃതർ ഗേറ്റ് പൂട്ടി. ഇതോടെ ടിപ്പറും മണ്ണും ഉപേക്ഷിച്ച് മഹേഷും സംഘവും രക്ഷപ്പെട്ടു. മുനീർ ആശുപത്രിയിൽ ചികിത്സ തേടി