പത്തനംതിട്ട: കുമ്പഴയിൽ കാപ്പാ കേസ് പ്രതിയ്ക്ക് സിപിഎം സ്വീകരണം നല്‍കിയ ചടങ്ങ് വിവാദമായതോടെ വിശദീകരണവുമായി മന്ത്രി വീണാ ജോര്‍ജ്.
ആയിരക്കണക്കിന് ആളുകളാണ് പാര്‍ട്ടിയിലേക്ക് വരുന്നത്. പത്തനംതിട്ടയില്‍ കാപ്പ പ്രതി പാര്‍ട്ടിയിലേക്ക് വന്നത് ഏരിയ കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയിലാണ്. ബിജെപിയിലും ആര്‍എസ്എസിലും പ്രവര്‍ത്തിച്ചവരാണ് പാര്‍ട്ടിയിലേക്ക് വന്നത്. വിശദമായ മറുപടി ഇക്കാര്യത്തില്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറി പറഞ്ഞിട്ടുണ്ട്.
ഒരു ആശങ്കക്കും അടിസ്ഥാനമില്ല. സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം വളരെ വ്യക്തമായിട്ടുള്ള കാര്യമാണിത്. മുമ്പ് തെറ്റായ രാഷ്ട്രീയവും രീതികളും പിന്തുടര്‍ന്നവര്‍, അത് ഉപേക്ഷിച്ചുകൊണ്ടാണ് പാര്‍ട്ടിയിലേക്ക് വന്നത്. അതുകൊണ്ടാണ് അവര്‍ ചെങ്കൊടി ഏന്താൻ തയ്യാറായി വന്നതെന്നും മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
പാര്‍ട്ടിയിലേക്ക് വരുന്നതോടെ ക്രിമിനല്‍ പശ്ചാത്തലം ഇല്ലാതാകുമോ എന്ന ചോദ്യത്തിന് മന്ത്രി മറുപടി പറഞ്ഞില്ല.അതേസമയം, സംഭവത്തില്‍ വിചിത്ര വിശദീകരണവുമായി പത്തനംതിട്ട സിപിഎം ജില്ലാ സെക്രട്ടറി കെപി ഉദയഭാനു രംഗത്തെത്തി.
ശരൺ ചന്ദ്രൻ നിലവിൽ കാപ്പാ പ്രതിയല്ലെന്നും കാലാവധി കഴിഞ്ഞു എന്നും ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു. രാഷ്ട്രീയ കേസുകളിൽ പെടുന്നവർക്കെതിരെ കാപ്പ ചുമത്തുന്നത് തെറ്റെന്നും പാർട്ടി ജില്ലാ സെക്രട്ടറി വിശദീകരിച്ചു. കേസ് എല്ലാവരുടെയും പേരിലുണ്ടെന്നും സ്ത്രീകളെ തല്ലിയ കേസ് ശരണിനെതിരെ രാഷ്ട്രീയപ്രേരിതമായി ചുമത്തിയതാണെന്നും ഉദയഭാനു പറഞ്ഞു.
കാപ്പാ കേസ് പ്രതിയായ മലയാലപ്പുഴ സ്വദേശി ശരൺ ചന്ദ്രനെയാണ് സിപിഎം വെള്ളിയാഴ്ച മാലയിട്ട് സ്വീകരിച്ചത്. സ്വീകരണ പരിപാടി മന്ത്രി വീണാ ജോര്‍ജ്ജ് ആണ് ഉദ്ഘാടനം ചെയ്തത്. സിപിഎം ജില്ലാ സെക്രട്ടറി കെപി ഉദയഭാനു പ്രതിക്ക് മാലയിട്ടു. കാപ്പാ കേസിലും മറ്റ് ഒട്ടേറെ ക്രിമിനൽ കേസുകളിലെയും പ്രതിയാണ് ശരൺ ചന്ദ്രൻ. കുമ്പഴ ഭാഗത്തുള്ള ഓഡിറ്റോറിയത്തിൽ വച്ച് 60ഓളം പേരെ പാർട്ടിയിലേക്ക് ചേർത്ത പരിപാടിയിലാണ് ശരൺ ചന്ദ്രൻ പങ്കെടുത്തത്. സ്ത്രീയെ ആക്രമിച്ച കേസിലടക്കം പ്രതിയായ ശരൺ ചന്ദ്രൻ കഴിഞ്ഞ മാസം 23നാണ് ജയിലിൽ നിന്ന് ഇറങ്ങിയത്.