ആലപ്പുഴ: കുമ്പളങ്ങി-അരൂർ കരകളെ തമ്മിൽ ബന്ധിപ്പിക്കുന്ന കുമ്പളങ്ങി-കെൽട്രോൺ പാലത്തിന്റെ നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. കുമ്പളങ്ങിക്കാർക്ക് ദേശീയപാതയിലേക്കും അരൂർ നിവാസികൾക്ക് കൊച്ചിയിലേക്കും പാലത്തിന്റെ നിർമ്മാണം പൂർത്തിയാകുന്നതോടെ കുറഞ്ഞ സമയത്തിൽ സഞ്ചരിക്കാനാകും.
290.6 മീറ്റർ നീളവും 11 മീറ്റർ വീതിയുമുള്ള പാലം 36.2 മീറ്റർ നീളത്തിലുള്ള എട്ടു സ്പാനുകളിലാണ് നിർമിക്കുന്നത്. കിഫ്‌ബി പദ്ധതിയിൽ ഉൾപ്പെടുത്തി 43.7 കോടി രൂപയാണ് നിർമ്മാണത്തിനായി സംസ്ഥാനസര്‍ക്കാര്‍ അനുവദിച്ചത്. കേരള റോഡ് ഫഡ് ബോർഡിനാണ് നിർമ്മാണച്ചുമതല.
ഇരു കരകളിലും സമീപനപാതകളും നിർമ്മിക്കും. കുമ്പളങ്ങി ഭാഗത്ത് 110 മീറ്ററും അരൂർ ഭാഗത്ത് 140 മീറ്റർ നീളത്തിലുമാണ് റോഡുകൾ നിർമിക്കുക. ഒന്നര വർഷത്തിനുള്ളിൽ പാലംപണി പൂർത്തിയാക്കാനാണ് ലക്ഷ്യം. എംഎൽഎമാരായ ദലീമ, കെ ജെ മാക്സി എന്നിവരുടെ സാന്നിധ്യത്തിൽ കുമ്പളങ്ങിയിൽ നടന്ന ചടങ്ങിൽ നിർമ്മാണ പ്രവർത്തികൾക്ക് തുടക്കമായത്.






