തിരുവല്ല: പെരിങ്ങര കാരയ്ക്കലിൽ അടച്ചിട്ടിരുന്ന വീടിൻ്റെ വാതിൽ കുത്തിത്തുറന്ന് കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന നാല് പവനോളം തൂക്കം വരുന്ന സ്വർണാഭരണങ്ങൾ കവർന്നു. വിദേശ മലയാളിയായ കാരയ്ക്കൽ കൂട്ടുമ്മേൽ വാഴപ്പറമ്പിൽ ജോൺ ചാണ്ടിയുടെ വീട്ടിലാണ് കവർച്ച നടന്നത്. ജോൺ ചാണ്ടിയും കുടുംബവും കുവൈറ്റിൽ ആണ്. ചെടികൾ നനയ്ക്കുന്നതിനായി അടുത്ത ബന്ധുവായ സ്ത്രീ ഞായറാഴ്ച രാവിലെ എത്തിയപ്പോഴാണ് വീടിൻ്റെ മുൻ വാതിൽ കുത്തി തുറന്ന നിലയിൽ കണ്ടത്.
തുടർന്ന് പുളിക്കീഴ് പോലീസിൽ അറിയിക്കുകയായിരുന്നു. വീട്ടിലെ മൂന്നു മുറികളുടെയും അലമാരകൾ കുത്തിത്തുറന്ന് സാധനങ്ങൾ മുഴുവൻ വാരി വലിച്ചിട്ട നിലയിലാണ്. തിരുവല്ല ഡിവൈഎസ്പി എസ് അഷാദിന്റെ നേതൃത്വത്തിൽ ഉള്ള പോലീസ് സംഘവും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാർഡും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.
മോഷണം നടന്ന വീടിൻറെ സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്. അടച്ചിട്ട വീടുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന മോഷ്ടാക്കളെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.