തിരുവല്ല : ന്യൂക്ലിയർ മെഡിസിൻ മേഖലയിൽ പുതിയ ചുവടുവയ്പ്പുമായി തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രി. ദൈനംദിന ചികിത്സയിൽ ന്യൂക്ലിയർ മെഡിസിന്റെ പ്രയോഗം എന്ന വിഷയത്തെ അധികരിച്ച് ടി എം എം ആശുപത്രിയിൽ തുടർ വൈദ്യ വിദ്യാഭ്യാസ പരിപാടി സംഘടിപ്പിച്ചു. പരിപാടിയിൽ പ്രശസ്ത ന്യൂക്ലിയർ മെഡിസിൻ വിദഗ്ധനും സൊസൈറ്റി ഓഫ് ന്യൂക്ലിയർ മെഡിസിൻ ഇന്ത്യയുടെ പ്രസിഡന്റുമായ ഡോ. പ്രഭു എത്തിരാജ് മുഖ്യപ്രഭാഷണം നടത്തി.
ആരോഗ്യപരിപാലന മേഖലയിൽ നവീന ഉൾക്കാഴ്ചയേകിയ ഡോ. പ്രഭുവിന്റെ പ്രഭാഷണം ആധുനിക ചികിത്സ രീതികളിൽ ന്യൂക്ലിയർ മെഡിസിൻ വരുത്തിയ വിപ്ലവകരമായ മാറ്റങ്ങളെക്കുറിച്ച് ഉൾക്കാഴ്ച ഏകുന്നതായിരുന്നു. ന്യൂക്ലിയർ ഇമേജിംഗിലെയും തെറാപ്പിയിലെയും ഏറ്റവും പുതിയ മുന്നേറ്റങ്ങളെ ക്കുറിച്ചുള്ള അറിവുകളും നേരത്തെ രോഗം കണ്ടെത്തുന്നതിലും കൃത്യമായ രോഗനിർണയത്തിലും സൂക്ഷ്മ ചികിത്സയിലും ന്യൂക്ലിയർ മെഡിസിൻ കാഴ്ചവയ്ക്കുന്ന അനന്തമായ സാധ്യതകളും ഡോ. പ്രഭു തന്റെ പ്രഭാഷണത്തിൽ വിവരിക്കുകയുണ്ടായി.
ടി എം എം ചെയർമാൻ ജോർജ്ജ് കോശി മൈലപ്ര അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി ബെന്നി ഫിലിപ്പ്, അഡ്മിനിസ്ട്രേറ്റർ ജോർജ്ജ് മാത്യു, മെഡിക്കൽ ഡയറക്ടർ കേണൽ ഡോ. ഡെന്നിസ് എബ്രഹാം, മെഡിക്കൽ സൂപ്രണ്ട് ഡോ. സാം എബ്രഹാം തുടങ്ങിയവർ സംസാരിച്ചു. ടി എം എം ന്യൂക്ലിയർ മെഡിസിൻ ആൻഡ് കാൻസർ റിസേർച്ച് സെന്റർ ഡയറക്റ്റർ ഡോ. എബ്രഹാം മാത്യൂസ് വിഷയാവതരണം നടത്തി. വിവിധ ആശുപത്രികളിൽനിന്നായി നൂറോളം ഡോക്ടർമാർ പരിപാടിയിൽ പങ്കെടുത്തു.