തിരുവല്ല: പെരിങ്ങര ഗവ ഹയർ സെക്കണ്ടറി സ്കൂളിൽ സ്കൂൾ സോഷ്യൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ നടക്കുന്ന ത്രിദിന സഹവാസക്യാമ്പ് കിളിക്കൂടിന്റെ ഉദ്ഘാടനം പത്തനംതിട്ട ജില്ലാ പഞ്ചായത്തംഗം സാം ഈപ്പൻ നിർവഹിച്ചു. പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഈപ്പൻ കുര്യൻ മുഖ്യാഥിതിയായി. പി ടി എ പ്രസിഡന്റ് പി.ഡി.രാജീവ് അദ്ധ്യക്ഷത വഹിച്ചു.
പ്രഥമാദ്ധ്യാപിക കെ.എസ് ജയന്തി, ഗ്രാമ പഞ്ചായത്തംഗം റ്റി.ആർ ദേവരാജൻ, പൂർവാദ്ധ്യാപക വിദ്യാർത്ഥി സംഘടന പ്രസിഡന്റ് സി.രവീന്ദ്രനാഥ്, സെക്രട്ടറി കെ.ആർ. ബാലകുമാർ, അഡ്വ. പ്രമോദ് ഇളമൺ, ക്യാമ്പ് കോർഡിനേറ്റർ എസ്. ഷെഫീന, സ്കൂൾ സോഷ്യൽ സർവീസ് സ്കീം ലീഡർ എ.വി. അതുല്യ എന്നിവർ പ്രസംഗിച്ചു.
ക്യാമ്പ് പ്രവർത്തനങ്ങളുടെ ഭാഗമായി നവംബർ 14-ന് വൈകീട്ട് ഏഴു മണി മുതൽ സോഷ്യൽ സർവീസ് സ്കീം അംഗങ്ങളും കുറ്റൂർ ഭൈരവി പടയണി സംഘവും ചേർന്നുള്ള പടയണി അവതരണവും ഉണ്ടാകും. ക്യാമ്പിന്റെ ഭാഗമായി വിവിധ സെഷനുകളിലായി ചെസ്സ് പരിശീലനം, ജീവിതനൈപുണി പരിശീലനം, അഭിനയക്കളരി, ആരോഗ്യ സർവേ, ബോധവൽക്കരണ ക്ലാസ്സുകൾ എന്നിവയും സംഘടിപ്പിക്കുന്നുണ്ട്. 15-ന് ക്യാമ്പ് സമാപിക്കും.





