ആലപ്പുഴ : ആറുനിലകളില്‍ നിര്‍മിക്കുന്ന തുറവൂർ താലൂക്ക് ആശുപത്രി കെട്ടിട നിർമ്മാണം അന്തിമ ഘട്ടത്തിൽ. പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് ഏറ്റെടുത്ത് നല്‍കിയ 62 സെന്റിൽ നിർമ്മിക്കുന്ന കെട്ടിടത്തിന്റെ നിർമാണ പ്രവർത്തികളുടെ 91 ശതമാനവും പൂർത്തിയായി.
കിഫ്ബി ഫണ്ടില്‍ നിന്ന് 51.40 കോടി രൂപ വിനിയോഗിച്ചാണ് 6374.81 ചതുരശ്ര മീറ്റർ വിസ്തീർണത്തിൽ പുതിയ കെട്ടിടം ഒരുക്കുന്നത്. ഭവന നിര്‍മാണ ബോര്‍ഡിനാണ് നിർമ്മാണ ചുമതല.
അത്യാധുനിക ചികിത്സ സൗകര്യങ്ങളോടെ നിര്‍മ്മിക്കുന്ന ആശുപത്രിയിൽ ട്രോമകെയര്‍ യൂണിറ്റ്, ഗൈനക്കോളജി വിഭാഗം, സി ടി സ്‌കാന്‍, എക്‌സ് റേ വിഭാഗം, മൂന്ന് മേജര്‍ ഓപ്പറേഷന്‍ തീയറ്ററുകള്‍, മൂന്നു നിലകളിലായി 150 ഓളം രോഗികളെ കിടത്തി ചികിൽസിക്കാനുള്ള സംവിധാനം, മൂന്ന് ലിഫ്റ്റുകൾ തുടങ്ങിയവ സജ്ജീകരിക്കുന്നുണ്ട്.
കഴിഞ്ഞ ബജറ്റിൽ താലൂക്ക് ആശുപത്രിയില്‍ മോർച്ചറി കെട്ടിടം പണിയുന്നതിനും സ്ഥലം ഏറ്റെടുക്കുന്നതിനുമായി സംസ്ഥാന സർക്കാർ രണ്ട് കോടി രൂപയും അനുവദിച്ചിട്ടുണ്ട്.പെയിന്റിംഗ്, അലുമിനിയം പാർട്ടീഷൻ, സാനിറ്ററി ഫിറ്റിംഗ് തുടങ്ങിയ ജോലികളാണ് നിലവില്‍ പുരോഗമിക്കുന്നത്. 2019 സെപ്റ്റംബറിലാണ് നിർമാണ പ്രവർത്തികൾ ആരംഭിച്ചത്. ഈ വർഷം തന്നെ കെട്ടിടനിര്‍മ്മാണം പൂര്‍ത്തിയാക്കി ആശുപത്രി നാടിന് സമർപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.
നിർമാണം പൂർത്തിയാകുന്നതോടെ അത്യാധുനിക ചികിത്സ സൗകര്യങ്ങളുള്ള ജില്ലയിലെ മികച്ച സര്‍ക്കാര്‍ ആശുപത്രികളിലൊന്നായി തുറവൂര്‍ താലൂക്ക് ആശുപത്രി മാറും. എലിവേറ്റഡ് ഹൈവേ നിർമാണം പൂർത്തിയാകുന്നതോടെ എറണാകുളം ജില്ലക്കാർക്കും തുറവൂർ താലൂക്കാശുപത്രിയുടെ സേവനം പ്രയോജനപ്പെടുത്താനാകും.






