പത്തനംതിട്ട : പത്തനംതിട്ട ജില്ലയ്ക്ക് ഇന്നു 42–ാം പിറന്നാൾ. 1982 നവംബർ ഒന്നിനായിരുന്നു ജില്ലയുടെ രൂപീകരണം. സംസ്ഥാനത്തെ പതിമൂന്നാമത്തെ ജില്ലയായി കേരളപ്പിറവി ദിനത്തിൽ പത്തനംതിട്ട പിറന്നു. മുൻപ് കൊല്ലം ജില്ലയുടെ ഭാഗമായിരുന്നു പത്തനംതിട്ട, വികസനം അധികം എത്താത്ത പ്രദേശം കൂടിയായിരുന്നു. പത്തനംതിട്ട ടൗൺ എന്നു പറയാൻ കാര്യമായി ഒന്നുമില്ല. കടകൾ കുറവ്. ബസ് സ്റ്റാൻഡ് ഇല്ല. റോഡിലായിരുന്നു ബസുകൾ നിർത്തിയിരുന്നത്. റോഡുകൾ ഇടുങ്ങിയതും പൊട്ടിപ്പൊളിഞ്ഞതും. നവീകരണത്തിനു ഫണ്ട് കിട്ടാറില്ല. മലയോര ഗ്രാമങ്ങൾ ഉൾപ്പെടുത്തി പത്തനംതിട്ട ജില്ല വേണമെന്നത് അന്നത്തെ എംഎൽഎ കെ.കെ.നായരുടെ മനസ്സിൽ ഉദിച്ച ആശയമായിരുന്നു.
പൊതുരംഗത്ത് അന്നു നിറഞ്ഞു നിന്ന മഹാകവി പുത്തൻകാവ് മാത്തൻ തരകൻ, ശാസ്ത്രി ദാമോദരൻ, മീരാസാഹിബ് എന്നിവരുമായി അദ്ദേഹം ആശയം പങ്കുവച്ചു. അവർ കെ.കെ.നായർക്ക് പിന്തുണ നൽകി. പിന്നീട് ജില്ലാ രൂപീകരണത്തിനുള്ള സമര പരിപാടികൾ തുടങ്ങി.
അക്കാലത്ത് കെ.കെ.നായർ സ്വതന്ത്ര എംഎൽഎ ആയിരുന്നു. പ്രത്യേക രാഷ്ട്രീയ സാഹചര്യത്തിൽ അദ്ദേഹം പിന്തുണച്ചാൽ യുഡിഎഫിനു മന്ത്രിസഭ രൂപീകരിക്കാനുള്ള ഭൂരിപക്ഷം കിട്ടും. കെ.കെ.നായരെ മന്ത്രിയാക്കി മന്ത്രിസഭ രൂപീകരിക്കാൻ കെ.കരുണാകരൻ തീരുമാനിച്ചു .എന്നാൽ തനിക്ക് മന്ത്രി സ്ഥാനം വേണ്ടെന്നും പകരം പത്തനംതിട്ട ജില്ല അനുവദിച്ചാൽ പിന്തുണയ്ക്കാം എന്നായിരുന്നു കെ.കെ നായരുടെ നിബന്ധന . കരുണാകരൻ അതിനു സമ്മതിച്ചു.
റവന്യു സെക്രട്ടറി മിനി മാത്യുവിനെ കമ്മിഷനായി നിയോഗിച്ചു. കമ്മിഷൻ ശുപാർശ അനുസരിച്ചു കൊല്ലം ജില്ലയിലെ പത്തനംതിട്ട, അടൂർ, റാന്നി, കോഴഞ്ചേരി, കോന്നി പ്രദേശങ്ങളും ആലപ്പുഴ ജില്ലയിലെ തിരുവല്ല, മല്ലപ്പള്ളി പ്രദേശങ്ങളും ചേർത്ത് 1982 നവംബർ ഒന്നിന് പത്തനംതിട്ട ജില്ല രൂപീകരിച്ചു.