കൊച്ചി : കാലം ചെയ്ത യാക്കോബായ സഭാദ്ധ്യക്ഷൻ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവായുടെ കബറടക്ക ശുശ്രൂഷ നാളെ 3ന് പുത്തൻകുരിശ് പള്ളിയിൽ നടക്കും.സംസ്കാര ശുശ്രൂഷയുടെ പ്രാരംഭ ചടങ്ങുകൾ ഇന്ന് ആരംഭിച്ചു. കോതമംഗലം ചെറിയ പള്ളിയില്‍ പുലർച്ചെ 3.30ഓടെ ശ്രേഷ്ഠ ബാവയുടെ ഭൗതിക ശരീരം വിലാപയാത്രയായി എത്തിച്ചു .ഉച്ചക്ക് ശേഷം കോതമംഗലം ചെറിയ പള്ളിയിൽനിന്ന് വലിയ പള്ളിയിൽ എത്തിച്ചേരും. തുടർന്ന് 4ന് കോതമംഗലം വലിയ പള്ളിയിൽനിന്ന് പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിൽ ഭൗതികശരീരം എത്തിക്കും. വൈകിട്ട് നാല് മണി മുതൽ നാളെ വൈകിട്ട് മൂന്ന് മണി വരെ പുത്തൻകുരിശ് പത്രിയാർക്കീസ് സെന്ററിൽ പൊതുദർശനം നടക്കും.
വ്യാഴാഴ്ച വൈകിട്ടായിരുന്നു കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വാർദ്ധക്യ സഹജമായ രോഗങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെ ബാവാ അന്തരിച്ചത് . ബാവായുടെ വിയോഗത്തിൽ യാക്കോബായ സഭയുടെ പള്ളികളിലും സ്ഥാപനങ്ങളിലും 14 ദിവസം ദുഃഖാചരണം നടത്തും.