പത്തനംതിട്ട: കരിമാൻതോട് തൂമ്പാകുളത്ത് ഓട്ടോറിക്ഷ താഴ്ചയിലേക്ക് മറിഞ്ഞ് രണ്ട് വിദ്യാർഥികൾ മരിച്ചു. കരിമാൻതോട് ശ്രീനാരായണ സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിനി ആദിലക്ഷ്മി(7), തൈപ്പറമ്പിൽ മൻമദന്റെ മകൻ യദുകൃഷ്ണൻ (4) എന്നിവരാണ് മരിച്ചത്. അഞ്ച് കുട്ടികളും ഡ്രൈവറും അടക്കമുള്ളവരാണ് അപകടത്തിൽ പെട്ടത്. ഓട്ടോയിൽ ഉണ്ടായിരുന്ന മറ്റ് കുട്ടികൾക്കും ഡ്രൈവർക്കും പരിക്കുണ്ട്. ബുധനാഴ്ച വൈകുന്നേരം നാലരയോടെ ആണ് അപകടം നടന്നത്.
സ്‌കൂൾ സമയം കഴിഞ്ഞ് കുട്ടികളുമായി തിരികെ മടങ്ങവേ നിയന്ത്രണം വിട്ട ഓട്ടോ റിക്ഷ താഴ്ച്ചയിലേക്ക് മറിയുകയായിരുന്നു. റോഡിൽ പാമ്പിനെ കണ്ട ഡ്രൈവർ ഇതിന്റെ മുകളിൽ കൂടി വാഹനം കയറുവാതിരിക്കാൻ പെട്ടെന്ന് തിരിച്ചപ്പോൾ വാഹനം നിയന്ത്രണം വിടുകയായിരുന്നു എന്ന് പറയുന്നു. അപകടത്തിൽ പരിക്കേറ്റ ആദിലക്ഷ്മിയെ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോൾ ആണ് മരണം സംഭവിച്ചത്.
അപകടത്തെ തുടർന്ന് കോന്നിയിൽ നിന്ന് അഗ്നിരക്ഷാസേന സ്ഥലത്ത് എത്തിയപ്പോഴേക്കും ആളുകളെ നാട്ടുകാരും വനപാലകരും ചേർന്ന് പരിക്ക് പറ്റിയവരെ പുറത്ത് എത്തിച്ചിരുന്നു. മറ്റുള്ളവരെ രക്ഷപെടുത്തുകയും ചെയ്‌തെങ്കിലും യദുകൃഷ്ണയെ കാണാനില്ലെന്ന് ബന്ധുക്കൾ അറിയിക്കുകയായിരുന്നു. ഇതിനെ തുടർന്നാണ് കോന്നി അഗ്‌നി രക്ഷാസേന, കോന്നി, തണ്ണിത്തോട് പൊലീസ്, നാട്ടുകാർ എന്നിവർ ചേർന്ന് തിരച്ചിൽ നടത്തിയത്.
തിരച്ചിലിന് ഒടുവിൽ രാത്രി എട്ട് മണിക്ക് ശേഷം അപകടംനടന്ന സ്ഥലത്തെ തോട്ടിലെ പാറകൾക്ക് ഇടയിൽ നിന്നും കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. പരിക്കേറ്റവർ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രികളിൽ ചികിത്സയിൽ കഴിയുകയാണ്. ഇതിൽ ഒരു കുട്ടിയുടെ നില ഗുരുതരമായി തുടരുന്നു എന്നാണ് അറിയുവാൻ കഴിയുന്നത്. അപകടത്തിൽ ഓട്ടോ റിക്ഷയും തകർന്നു. തണ്ണിത്തോട് പൊലീസ് നടപടികൾ സ്വീകരിച്ചു.






