പത്തനംതിട്ട : ഓമല്ലൂർ ചീക്കനാൽ കടവിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് രണ്ട് വിദ്യാർഥികൾക്ക് ദാരുണാന്ത്യം .ഓമല്ലൂർ ആര്യഭാരതി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥികളായ ഇലവുന്തിട്ട സ്വദേശി ശ്രീശരൺ, ചീക്കനാൽ സ്വദേശി ഏബല്‍ എന്നിവരാണ് മരിച്ചത് .ഇന്ന് ഉച്ചക്ക് ശേഷം 2.45 ഓടെയാണ് അപകടം നടന്നത് .
സമീപത്തെ ടർഫിൽ ഫുട്ബോൾ മത്സരത്തിൽ പങ്കെടുക്കുന്നതിനെത്തിയതാണ് കുട്ടികൾ.കളി കഴിഞ്ഞശേഷം കുളിക്കുന്നതിനായി അച്ചൻകോവിലാറ്റിൽ ഇറങ്ങിയപ്പോഴായിരുന്നു അപകടം. ഒപ്പമുണ്ടായിരുന്ന വിദ്യാർഥികളും നാട്ടുകാരും ചേർന്ന് രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.പിന്നീട് പത്തനംതിട്ട ഫയർഫോഴ്സിന്റെ സ്കൂബാ സംഘങ്ങളുടെ തിരച്ചിലിൽ 3.30 ഓടെ കുട്ടികൾ ഒഴുക്കിൽ പെട്ട സ്ഥലത്തിന് സമീപത്ത് നിന്നു തന്നെ മൃതദേഹങ്ങൾ കണ്ടെത്തി. തുടർന്ന് ഇരുവരുടെയും മൃതദേഹങ്ങൾ പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റി.