ചെങ്ങന്നൂർ: ചെങ്ങന്നൂർ റെയില്‍വേ പാലത്തിലെ സിഗ്നല്‍ കേബിളുകള്‍ അജ്ഞാതര്‍ മുറിച്ചതിനെ തുടര്‍ന്നു സിഗ്‌നല്‍ ലഭിക്കാതെ 21 ട്രെയിനുകൾ വൈകി. കല്ലിശേരി ഭാഗത്ത് പമ്പാ നദിക്കു കുറുകെയുള്ള റെയില്‍വേ പാലത്തിലെ സിഗ്നല്‍ കേബിളുകളാണ് അജ്ഞാതര്‍ മുറിച്ചത്.
കഴിഞ്ഞ ദിവസം പുലര്‍ച്ചെ 2.30ന് തിരുവല്ലയില്‍ നിന്ന് അമൃത എക്‌സ്പ്രസ് പുറപ്പെടാന്‍ ഒരുങ്ങുമ്പോഴാണു തകരാര്‍ നേരിട്ടത്. സിഗ്‌നല്‍ ലഭിക്കാതെ ട്രെയിന്‍ തിരുവല്ല സ്റ്റേഷനില്‍ നിര്‍ത്തിയിട്ടു. സിഗ്നല്‍ സംവിധാനത്തിന്റെ ഭാഗമായുള്ള റെയില്‍വേ ഫോണും തകരാറിലായി.
പിന്നീട് സിഗ്നലിനു പകരം കടലാസില്‍ നിര്‍ദേശങ്ങള്‍ എഴുതി നല്‍കിയാണു അമൃത ഉള്‍പ്പെടെയുള്ള ട്രെയിനുകള്‍ കടത്തിവിട്ടത്. രാവിലെയോടെ പ്രശ്നം പരിഹരിച്ചു. സംഭവത്തില്‍ റെയില്‍വേ വിശദമായ അന്വേഷണം ആരംഭിച്ചു.