പത്തനംതിട്ട : ജനറൽ ആശുപത്രിയിൽ ലിഫ്റ്റ് പ്രവർത്തന രഹിതമായിട്ട് 5 ദിവസമായിട്ടും പ്രശ്നപരിഹാരത്തിനു നടപടിയെടുക്കാത്ത ആശുപത്രി അധികൃതരുടെയും പാവപ്പെട്ട രോഗികളുടെ ദുരവസ്ഥ കണ്ടിട്ടും അടിയന്തിര നടപടി സ്വീകരിക്കാത്ത ആരോഗ്യ മന്ത്രിയുടെയും നിലപാട് അംഗീകരിക്കാനാവില്ലെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. വി എ സൂരജ് പറഞ്ഞു.
ആരോഗ്യമന്ത്രി വീണ ജോർജിന്റെ സ്വന്തം മണ്ഡലത്തിൽ സ്ഥിതി ചെയ്യുന്ന പ്രധാന സർക്കാർ ആശുപത്രിയായ ജനറൽ ആശുപത്രിയിൽ സർജറിക്കെത്തുന്ന രോഗികളും അപകടം പറ്റിയെത്തുന്നവരും ഡയാലിസിസ് രോഗികൾ ഉൾപ്പെടെയുള്ളവരും മുകളിലത്തെ നിലയിൽ കയറുന്നതിനു ബുദ്ധിമുട്ടുകയാണ്. തുണിയിൽ കിടത്തി കൊണ്ടുപോകേണ്ട സ്ഥിതിയാണ് നിലവിലുള്ളത്.
ആരോഗ്യ മന്ത്രി ഈ വിഷയത്തിൽ അടിയന്തിരമായി ഇടപ്പെട്ട് ലിഫ്റ്റ് തകരാർ പരിഹരിക്കുന്നതിനു നടപടി കൈകൊള്ളണമെന്നും ആശുപത്രി സന്ദർശിച്ച് രോഗികൾ അനുഭവിക്കുന്ന ബുദ്ധിമുട്ട് നേരിട്ട് മനസ്സിലാക്കണമെന്നും ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. വി എ സൂരജ് ആവശ്യപ്പെട്ടു.