കോട്ടയം:വൈക്കം തന്തൈ പെരിയാർ സ്മാരകവും പെരിയാർ ഗ്രന്ഥശാലയും തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ നാടിനു സമർപ്പിച്ചു. വൈക്കം ബീച്ചിൽ നടന്ന പൊതുസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അധ്യക്ഷനായി. വൈക്കം പുരസ്കാരം ജേതാവ് കന്നട എഴുത്തുകാരൻ ദേവനൂര മഹാദേവനെ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ആദരിച്ചു.
ദ്രാവിഡ കഴക അധ്യക്ഷൻ കെ. വീരമണി വിശിഷ്ടാഥിതിയായി. സഹകരണ-തുറമുഖം- ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ, ഫിഷറീസ് -സാംസ്‌കാരികം-യുവജനക്ഷേമവകുപ്പുമന്ത്രി സജി ചെറിയാൻ, തമിഴ്‌നാട് ജലസേചനവകുപ്പ് മന്ത്രി ദുരൈ മുരുകൻ, തമിഴ്‌നാട് പൊതുമരാമത്തുവകുപ്പുമന്ത്രി എ.വി. വേലു, തമിഴ്‌നാട് ഇൻഫർമേഷൻ വകുപ്പുമന്ത്രി എം.പി. സ്വാമിനാഥൻ, അഡ്വ. കെ. ഫ്രാൻസിസ് ജോർജ് എം.പി., സി.കെ. ആശ എം.എൽ.എ, സംസ്ഥാന സർക്കാർ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ, തമിഴ്‌നാട് സർക്കാർ ചീഫ് സെക്രട്ടറി എൻ. മുരുകാനന്ദം, ജില്ലാ കളക്ടർ ജോൺ വി. സാമുവൽ, വൈക്കം നഗരസഭാധ്യക്ഷ പ്രീതാ രാജേഷ്, നഗരസഭാംഗം രാജശേഖരൻ എന്നിവർ പ്രസംഗിച്ചു.
വൈക്കം സത്യഗ്രഹ സമരനായകനായ തന്തൈ പെരിയാറിന്റെ സ്മരണാർഥം വൈക്കത്ത് തന്തൈ പെരിയാർ സ്മാരകവും ഗ്രന്ഥശാലയും തമിഴ്നാട് സർക്കാർ സ്ഥാപിച്ചിരുന്നു. വൈക്കം സത്യഗ്രഹത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി കഴിഞ്ഞവർഷം വൈക്കത്ത് എത്തിയ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ വൈക്കം നഗരത്തിലുള്ള തന്തൈ പെരിയാർ സ്മാരകവും ഗ്രന്ഥശാലയും നവീകരിക്കുന്നതിന് 8.14 കോടി രൂപ അനുവദിച്ചിരുന്നു.