മാവേലിക്കര: കാമ്പസ് ഫ്രണ്ട് പ്രവർത്തകരാൽ ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജിന് മുന്നിൽ വെച്ച് ആക്രമിക്കപ്പെട്ട വിശാൽ തന്നെ കത്തികൊണ്ട് കുത്തിയത് കാമ്പസ് ഫ്രണ്ട് കാരാണെന്ന് പറഞ്ഞെന്ന് മൊഴി.കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കുള്ള യാത്രാ മധ്യേ വിശാൽ ഇക്കാര്യം തന്നോട് പറഞ്ഞതായി വിശാലിൻ്റെ സുഹൃത്തും കേസിലെ സാക്ഷിയുമായ മുളക്കുഴ സ്വദേശി ശ്രീനാഥ് മാവേലിക്കര അഡീഷണൽ സെഷൻസ് ജഡ്ജി പി. പി. പൂജ മുമ്പാകെ മൊഴി കൊടുത്തു. കേസിലെ സ്പെഷ്യൽ പ്രോസിക്യുട്ടർ അഡ്വ പ്രതാപ് ജി പടിക്കലിൻ്റെ ചീഫ് വിസ്താരത്തിലാണ് സാക്ഷി ഈ വിവരം വെളിപ്പെടുത്തിയത്.
ആംബുലൻസിൽ വെച്ച് വിശാൽ തൻ്റെ ഫോണിൽ കൂടി സഹോദരനോടു സംസാരിച്ചുവെന്നും ഇതേ കാര്യങ്ങൾ സഹോദരനോടും വിശാൽ പറഞ്ഞിരുന്നതായി സാക്ഷി മൊഴി നല്കി. തുടർന്ന് വിശാലിൻ്റെ ബോധം നഷ്ടപ്പെട്ടുവെന്നും ഹോസ്പിറ്റലിൽ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും തുടർന്ന് മരണപ്പെട്ടതായും സാക്ഷി കോടതിയിൽ പറഞ്ഞു.
കേസിലെ മറ്റൊരു സാക്ഷിയും വിശാലിൻ്റെ മാതൃസഹോദരിയുമായ വിജയമ്മയെയും കോടതിയിൽ വിസ്തരിച്ചു. മാതാപിതാക്കൾ വിദേശത്തായിരുന്നതിനാൽ വിശാലിനെ താനാണ് വളർത്തിയതെന്നും വിശാലിന് കുത്തേൽക്കുന്ന ദിവസം രാവിലെ തന്നോട് യാത്ര പറഞ്ഞാണ് വിശാൽ പോയതെന്നും സാക്ഷി വികാരാധീനയായി കോടതിയിൽ മൊഴി കൊടുത്തു.
കേസിലെ തുടർ സാക്ഷി വിസ്താരം ബുധനാഴ്ച നടക്കും.
കേസിൽ പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ പ്രതാപ് ജി പടിക്കലിനോടൊപ്പം അഭിഭാഷകരായ ശ്രീദേവി പ്രതാപ്, ശില്പ ശിവൻ, ഹരീഷ് കാട്ടൂർ എന്നിവരാണ് ഹാജരാകുന്നത്.