ആലപ്പുഴ : ചിങ്ങോലി ചൂര വിള എൽ പി സ്ക്കൂളിൽ അധ്യാപകൾക്കും വിദ്യാർത്ഥികൾക്കും പാചക തൊഴിലാളികൾക്കും ഛർദിയും വയറിളക്കവും ഉണ്ടായതുമായി ബന്ധപ്പെട്ട് സ്കൂളിൽ ബാലാവകാശ സംരക്ഷണ കമ്മിഷൻ അംഗം ജലജ ചന്ദ്രൻ സന്ദർശിച്ചു.
വെള്ളത്തിൽ ബാക്ടീരിയയുടെ സാന്നിധ്യം കുറയ്ക്കുന്നതിനായി സൂപ്പർ ക്ലോറിനേഷൻ നടത്തിയതായി പ്രധാനാധ്യാപിക അറിയിച്ചു. പ്രദേശത്തെ വീടുകളിൽ നിന്നുള്ള വെള്ളത്തിൻ്റെ സാമ്പിളുകളും പരിശോധനയ്ക്കായി എടുത്തിട്ടുണ്ടെന്ന് അസിസ്റ്റൻറ് എൻജിനീയർ പറഞ്ഞു.
സ്കൂളിൽ ഉച്ചഭക്ഷണ പരിപാടി പുനരാരംഭിക്കുന്നതിന് മുന്നോടിയായി സ്കൂൾ മാനേജ്മെൻറ് കമ്മറ്റി കൂടണമെന്ന് ബാലാവകാശ കമ്മീഷൻ അംഗം നിർദ്ദേശിച്ചു. വാട്ടർ അതോറിറ്റിയുടെ കുഴൽ കിണറിൽ നിന്ന് നേരിട്ടുള്ള വെള്ളമാണ് പൈപ്പ് വഴി വിതരണം ചെയ്യുന്നത്.
കുടിവെള്ളം വിതരണം ചെയ്യുന്ന പൈപ്പ് ലൈൻ സംവിധാനത്തിൽ എവിടെയെങ്കിലും വിള്ളൽ വീണിട്ടുണ്ടോ എന്നുള്ളത് അന്വേഷിക്കണമെന്നും പൈപ്പ് പൊട്ടിയ സ്ഥലങ്ങൾ ഉണ്ടെങ്കിൽ കണ്ടെത്തി പരിഹരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിനും നിർദ്ദേശം നൽകി. വീടുകളിലേക്കുള്ള പൈപ്പുകളിൽ പൊട്ടലുകൾ ഉണ്ടെങ്കിൽ അതും കണ്ടെത്തി പരിഹരിക്കുന്നതിന് ജനങ്ങൾക്ക് ബോധവൽക്കരണം നൽകുന്നതിന് ബാലാവകാശ സംരക്ഷണ കമ്മിഷൻ അംഗം പഞ്ചായത്തിനോട് നിർദ്ദേശം നൽകി.