വയനാട് : വയനാട് മേപ്പാടി ചൂരൽമലയിലും മുണ്ടക്കൈ ടൗണിലും ഉണ്ടായ വൻ ഉരുൾപൊട്ടലിൽ 19 മരണം സ്ഥിരീകരിച്ചതായി ജില്ലാ ഭരണകൂടം. നിരവധി കുടുംബങ്ങളെ കാണാതായിട്ടുണ്ട്.നിരവധി വീടുകള്‍ ഒലിച്ചുപോയി. ചൊവ്വാഴ്ച പുലർച്ചെ ഒരു മണിക്കു ശേഷം ചൂരൽമല സ്കൂളിനു സമീപമാണ് ആദ്യം ഉരുൾപൊട്ടലുണ്ടായത്. നാലു മണിയോടെ മുണ്ടക്കൈ ടൗണിൽ രണ്ടാമത്തെ ഉരുൾപൊട്ടലുണ്ടായി.
രക്ഷാദൈത്യത്തിനായി കണ്ണൂർ കന്റോൺമെന്റിൽ നിന്ന് കരസേനയുടെ രണ്ട് സംഘങ്ങൾ വയനാട്ടിലേക്ക് പുറപ്പെട്ടിട്ടുണ്ട്. എയർ ലിഫ്റ്റ് സാധ്യത പരിശോധിക്കാൻ കുനൂരിൽനിന്ന് 2 ഹെലികോപ്ടറുകൾ ഉടൻ ദുരന്തസ്ഥലത്തെത്തും. എൻഡിആർഎഫ് സംഘം രക്ഷാപ്രവർത്തനത്തിനായി മുണ്ടക്കൈയിൽ എത്തി.
കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വയനാട്ടിലേക്കുള്ള കെഎസ്ആർടിസി സർവീസ് നിർത്തിവച്ചു. കോഴിക്കാട് ജില്ലയിൽ നാലിടത്ത് ഉരുൾപൊട്ടലുണ്ടായി. മഞ്ഞച്ചീളി, മാടഞ്ചേരി, പാനോം ഭാഗങ്ങളിലാണ് ഉരുൾപ്പൊട്ടലുണ്ടായത് .
പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രി പിണറായി വിജയനുമായി ഫോണിൽ സംസാരിച്ച് എല്ലാ സഹായവും നൽകുമെന്ന് ഉറപ്പുനൽകി. മരണമടഞ്ഞവർക്ക് അനുശോചനം രേഖപ്പെടുത്തുന്നതായി പ്രധാനമന്ത്രി എക്സിൽ കുറിച്ചു. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് മരണമടഞ്ഞവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും ധനസഹായം പ്രഖ്യാപിച്ചു.