പത്തനംതിട്ട: പാർലമെൻ്റ് മണ്ഡലത്തിലെ ഏഴ് നിയോജക മണ്ഡലങ്ങളും കൈപ്പിടിയിലാക്കിയ എൽ ഡി എഫ് ഈ തിരഞ്ഞെടുപ്പിൽ വിജയത്തിൽ കുറഞ്ഞ് ഒന്നും ലക്ഷ്യം വച്ചിരുന്നില്ല. ഏറെക്കാലം മുൻപ് തന്നെ പാർട്ടിയുടെ കേന്ദ്ര കമ്മറ്റി അംഗമായിരുന്ന തോമസ് ഐസക്കിനെ മണ്ഡലത്തിൽ സജീവമാക്കി മണ്ഡലം പിടിക്കാനുള്ള ഇടത് പക്ഷത്തിൻ്റെ ശ്രമമാണ് പരാജയപ്പെട്ടത്. ബി ജെ പി ദേശീയ തലത്തിൽ ഏ ക്ലാസ് മണ്ഡലമായി ഏറ്റെടുത്ത് പ്രധാനമന്ത്രി തന്നെ നേരിട്ട് പ്രചരണത്തിനെത്തിയ പത്തനംതിട്ടയിൽ എൻ ഡി എ സ്ഥാനാർത്ഥിക്ക് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ നേടിയ വോട്ടുകൾ നിലനിർത്താനുമായില്ല.
കോൺഗ്രസ് എ വിഭാഗത്തിന് ശക്തമായ സ്വാധീനമുള്ള പത്തനംതിട്ട പാർലമെൻ്റ് മണ്ഡ്ലത്തിൽ ഏ കെ ആൻ്റണിക്ക് ശക്തമായ സ്വാധീനമുള്ളത് കൂടി കണക്കിലെടുത്തും, ന്യൂനപക്ഷ വോട്ടുകൾ പരമാവധി സമാഹരിക്കാനും ലക്ഷ്യമിട്ടുമാണ് അനിൽ ആൻ്റണിയെ സ്ഥാനാർത്ഥിയായി നിയോഗിച്ചത്.
2019 ൽ കെ സുരേന്ദ്രൻ നേടിയ 292000 വോട്ടുകൾക്കൊപ്പം കോൺഗ്രസിലെ അസംതൃപ്തരുടെ വോട്ടുകളും ന്യൂനപക്ഷ വോട്ടുകൾ പരമാവധി സമാഹരിച്ചും വിജയത്തിലെത്താം എന്നായിരുന്നു കണക്ക്കൂട്ടൽ. എന്നാൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കെ സുരേന്ദ്രനെ തുണച്ച ശബരിമല പോലുള്ള ഘടകങ്ങൾ ഇല്ലാതിരുന്നതും താഴെത്തട്ടിൽ പ്രവർത്തനം ഏകോപിപ്പിക്കുന്നതിൽ ബി ജെ പി യുടെ പ്രാദേശിക ഘടകങ്ങൾ പരാജയപ്പെട്ടതും അനിൽ ആൻ്റണിക്ക് തിരിച്ചടിയായി.