തിരുവനന്തപുരം : സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു.വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ടും യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.കണ്ണൂർ, കാസർകോട്, ജില്ലകളിൽ ഓറഞ്ച് അലർട്ടും എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
ശക്‌തമായ മഴ തുടരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ അങ്കണവാടികൾ, പ്രഫഷനൽ കോളജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കലക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചു.ദേവികുളം താലൂക്കിലും ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.കൊച്ചി–ധനുഷ്കോടി ദേശീയപാതയിലെ ഗ്യാപ് റോഡിലൂടെയുള്ള യാത്ര പൂർണമായും നിരോധിച്ചു.മലങ്കര, പാംബ്ല ഡാമുകൾ തുറന്നു.
കേരള തീരത്ത് കാലവർഷക്കാറ്റ് മണിക്കൂറിൽ പരമാവധി 65 കിലോമീറ്റർ വരെ വേഗത കൈവരിച്ചിരിക്കുകയാണ് .ശക്തമായ കാറ്റിലും മഴയത്തും മരങ്ങളുടെ കൊമ്പ് ഒടിഞ്ഞു വീഴുന്നതിനും മരങ്ങൾ കടപുഴകി വീഴുന്നതിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി.