തിരുവനന്തപുരം : കേരളത്തിലെ തകർന്നടിഞ്ഞ ഉന്നത വിദ്യാഭ്യാസരംഗത്തെ രക്ഷിക്കുന്നതിന് ആശയങ്ങൾ ആവിഷ്കരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഫെഡറേഷൻ ഓഫ് ഓൾ കേരള യൂണിവേഴ്സിറ്റി എംപ്ലോയീസ് ഓർഗനൈസേഷൻസിന്റെ 23 -മത് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ ഒട്ടുമിക്ക സർവകലാശാലകളിലും വിസി നിയമനം മുടങ്ങിയിരിക്കുന്നുവെന്നും കാമ്പസുകളിൽ അക്രമവും അരാജകത്വവും മുമ്പെങ്ങുമില്ലാത്തവിധം വർദ്ധിച്ചുവെന്നും അദ്ദേഹം പറഞ്ഞു . സർവ്വകലാശാലകളുടെ അക്കാദമിക് ഭരണ സാമ്പത്തിക കാര്യങ്ങളിൽ സർക്കാരും വകുപ്പ് മന്ത്രിയും അനുവദനീയമല്ലാത്ത അധികാരവും കൈകടത്തലും നടത്തുകയാണെന്നും വി ഡി സതീശൻ ആരോപിച്ചു.നാലുവർഷ ബിരുദ കോഴ്സുകളുടെ കാര്യത്തിൽ നിലനിൽക്കുന്ന അവ്യക്തതയും ആശയകുഴപ്പവും പരിഹരിക്കാനുള്ള മാർഗങ്ങൾ സ്വരൂപിക്കാനുള്ള സംവിധാനമൊരുക്കുമെന്നുംപ്രതിപക്ഷനേതാവ് പറഞ്ഞു.
സംസ്ഥാന പ്രസിഡന്റ് ഒ. റ്റി.പ്രകാശ് അധ്യക്ഷത വഹിച്ചു. ഉന്നത വിദ്യാഭ്യാസ രംഗത്ത് സമഗ്ര സംഭാവന നൽകിയ വിദ്യാഭ്യാസവിചക്ഷണനുള്ള ഉമ്മൻചാണ്ടി സ്മാരക പ്രജ്ഞാന ശ്രേഷ്ഠ പുരസ്‌കാരം ഡോ. എ. സുകുമാരൻ നായർക്ക് മരണാനന്തര ബഹുമതിയായി സമ്മാനിച്ചു. രമേശ് ചെന്നിത്തല എം എൽ എ യിൽ നിന്നും ഡോ. അച്യുത് ശങ്കർ എസ്. നായർ പുരസ്‌കാരം ഏറ്റുവാങ്ങി.