തിരുവല്ല : ലോക വൃക്ക ദിനാചരണത്തോടനുബന്ധിച്ച് വൃക്ക രോഗത്തിനെതിരായ പോരാട്ടത്തിന് വിവിധ പരിപാടികൾക്ക് ബിലീവേഴ്സ് ച്ർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ തുടക്കമായി. വൃക്കരോഗ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന ഒരു വർഷം നീണ്ടുനിൽക്കുന്ന വൃക്ക രോഗ പ്രതിരോധ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ആശുപത്രി ഡയറക്ടറും സിഇഒയുമായ പ്രൊഫ ഡോ ജോർജ് ചാണ്ടി മറ്റീത്ര നിർവഹിച്ചു.
കാർഡിയോ വാസ്കുലർ കിഡ്നി മെറ്റബോളിക് സിൻഡ്രോം ക്ലിനിക്, ഓങ്കോ നെഫ്രോളജി ക്ലിനിക്, അഡ്വാൻസ്ഡ് സെൻറർ ഫോർ ഇൻറർവെൻഷണൽ നെഫ്രോളജി, സെൻറർ ഫോർ എക്സലൻസ് ഇൻ പെരിട്ടോണിയൽ ഡയാലിസിസ്, ഇൻ്റഗ്രേറ്റഡ് നെഫ്രോളജി റിസേർച്ച് സെൽ എന്നിങ്ങനെ വൃക്കരോഗ വിഭാഗത്തിനോടനുബന്ധിച്ച് ആരംഭിച്ച അത്യാധുനിക ചികിത്സാകേന്ദ്രങ്ങളുടെ ഉദ്ഘാടനവും നടന്നു.
ആശുപത്രിയിൽ എത്തുന്ന രോഗികളെ കേന്ദ്രീകരിച്ചും സമൂഹത്തിലേക്ക് ഇറങ്ങിച്ചെന്നും നടത്തുന്ന ഇത്തരം വൃക്കരോഗ പ്രതിരോധ പ്രവർത്തനങ്ങൾ രാജ്യത്ത് തന്നെ ഈ ഗണത്തിൽ ആദ്യത്തേതാണ്. പദ്ധതി പ്രവർത്തന വിജയം കൈവരിച്ചാൽ ലോകത്തിന് തന്നെ മാതൃകയാക്കാവുന്ന വൃക്ക രോഗ പ്രതിരോധ പരിപാടിയായി ബിലീവേഴ്സ് ആശുപത്രിയുടെ ഈ പരിപാടിയെ അടയാളപ്പെടുത്താൻ കഴിയുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ബിലീവേഴ്സ് ആശുപത്രി ഡയറക്ടറും സിഇഒയുമായ പ്രൊഫ ഡോ ജോർജ് ചാണ്ടി മറ്റീത്ര അഭിപ്രായപ്പെട്ടു.
ബിലീവേഴ്സ് ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ ജോംസി ജോർജ്, വൃക്കരോഗ വിഭാഗം മേധാവി ഡോ രാജേഷ് ജോസഫ്, സീനിയർ കൺസൾട്ടന്റുമാരായ ഡോ ഷംനാദ് പി , ഡോ ജിയോ ഫിലിപ്പ് ജോൺ, ഡോ ഇ ടി അരുൺ തോമസ്, ഡോ സ്നേഹ അന്ന റോയി, റവ ഫാ തോമസ് വർഗീസ്, ചീഫ് നഴ്സിംഗ് ഓഫീസർ മിനി സാറ തോമസ് എന്നിവർ പങ്കെടുത്തു