റാന്നി : ശബരിമല തീർഥാടകരെ ലക്ഷ്യമിട്ട് മോഷണം നടത്താനെത്തിയ തമിഴ്നാട് സ്വദേശികളായ രണ്ട് യുവതികളെ റാന്നി പോലീസ് പിടികൂടി. കോയമ്പത്തൂർ സ്വദേശിനി പാർവതി, തൂത്തുക്കുടി അണ്ണാനഗർ സ്വദേശിനി ഗീത എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.വിവിധ മോഷണക്കേസുകളിൽ പ്രതികളായ ഇവരിൽ ഒരാളുടെ അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചിരുന്ന 21,000 രൂപയും പരിശോധനയിൽ കണ്ടെത്തി.
ഇന്നലെ ഉച്ചയ്ക്ക് കോഴഞ്ചേരിയിൽ നിന്ന് റാന്നിയിലേക്ക് സർവീസ് നടത്തിയിരുന്ന സ്വകാര്യ ബസിൽ കയറിയ യുവതികൾ ബസിൽ വച്ച് വസ്ത്രം മാറുന്നത് ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടു.സംശയം തോന്നിയ ജീവനക്കാർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു .പൊലീസ് സ്റ്റേഷനിലെത്തിച്ച് വനിതാ പൊലീസിന്റെ സഹായത്തോടെ നടത്തിയ പരിശോധനയിലാണ് ഒരാളുടെ അടിവസ്ത്രത്തിനുള്ളിൽ നിന്ന് 21,000 രൂപ കണ്ടെത്തിയത്.
വിവിധ സ്ഥലങ്ങളിലായി പത്തോളം മോഷണക്കേസുകളിൽ ഇരുവരും പ്രതികളാണ് .ശബരിമല തീർഥാടന സീസണുമായി ബന്ധപ്പെട്ട് എരുമേലിയിലും മറ്റ് തീർഥാടന കേന്ദ്രങ്ങളിലും മോഷണം നടത്തുന്നതിനായി എത്തിയതാണ് ഇവരെന്നാണ് പോലീസ് സംശയിക്കുന്നത് .സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു.





