സൈക്ലിങ് നല്ലൊരു വ്യായാമമാണെന്ന് മിക്കവർക്കും അറിയാം.എന്നാൽ ശാരീരികാരോ ഗ്യത്തിനു മാത്രമല്ല മാനസികാരോഗ്യത്തിനും വ്യായാമം മികച്ചതാണെന്നാണ് പുതിയൊരു പഠനം പറയുന്നത്.എപിഡെമിയോളജി എന്ന ജേർണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
യു.കെ.യിൽ നിന്നുള്ള ഗവേഷകരാണ് പഠനത്തിനു പിന്നിൽ. ജോലിക്കും മറ്റും സൈക്കിളോടിച്ചു പോകുന്നവർക്കിടയിൽ വിഷാദരോഗത്തിനും ഉത്കണ്ഠയ്ക്കുമൊക്കെ മരുന്നുകഴിക്കേണ്ടി വരുന്നവർ കുറവാണെന്നാണ് പഠനത്തിൽ പറയുന്നത്.
അഞ്ചുവർഷത്തോളം നീണ്ട പഠനത്തിനൊടുവിലാണ് സൈക്ലിങ് മാനസികാരോ ഗ്യത്തെ മെച്ചപ്പെടുത്തുന്നതിനേക്കുറിച്ച് ഗവേഷകർ കണ്ടെത്തിയത്.
സൈക്കിൾയാത്ര മാനസികസമ്മർദം നന്നേ കുറയ്ക്കുന്നുവെന്നാണ് ഗവേഷകർ പറയുന്നത്. പതിനാറിനും എഴുപത്തിനാലിനും ഇടയിൽ പ്രായമുള്ള 378,253 പേരുടെ ആരോഗ്യവിവരങ്ങൾ ശേഖരിച്ചാണ് പഠനം നടത്തിയത്. സൈക്കിൾയാത്ര പ്രോത്സാഹിപ്പിക്കണമെന്ന് ഗവേഷകർ പറയുന്നു.