ചങ്ങനാശ്ശേരി: 149-മത് മന്നം ജയന്തി ആഘോഷം പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്ത് നടക്കുകയാണ്. രാവിലെ 7 മണി മുതൽ മന്നം സമാധിയിൽ പുഷ്പാർച്ചന ആരംഭിച്ചു. 11 മണിക്ക് നടക്കുന്ന പൊതുസമ്മേളനം ദേശീയ ന്യൂനപക്ഷ കമ്മീഷൻ അംഗം ഡോ. സിറിയക് തോമസ് ഉദ്ഘാടനം ചെയ്യും.
പ്രശസ്ത ഗാനരചയിതാവ് രാജീവ് ആലുങ്കൽ അനുസ്മരണ പ്രഭാഷണം നടത്തും. ജയന്തി ദിനാഘോഷങ്ങളിൽ പങ്കെടുക്കാൻ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക മേഖലകളിലെ പ്രമുഖരും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സമുദായാംഗങ്ങളും എത്തിച്ചേർന്നതായി സംഘാടകർ അറിയിച്ചു.
സംസ്ഥാനത്തെ 60 താലൂക്ക് യൂണിയനുകളിലെ കരയോഗങ്ങൾ, വനിതാസമാജങ്ങൾ, ബാലസമാജങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. സമുദായ ഐക്യത്തിന്റെയും സംഘടനാ ശക്തിയുടെയും ദൃഢമായ തെളിവായി സമ്മേളനം മാറി. അരലക്ഷം ചതുരശ്ര അടിയിൽ മന്നം നഗറിൽ ഒരുക്കിയ വൻ പന്തൽ പ്രതിനിധികളാൽ നിറഞ്ഞുകവിഞ്ഞു.
മന്നം ജയന്തി ദിനമായ ഇന്ന് (വെള്ളിയാഴ്ച) സമ്മേളനത്തിൽ പങ്കെടുക്കുന്നതിനും സമാധി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തുന്നതിനുമായി വലിയ ജനക്കൂട്ടമാണ് എത്തിയിരിക്കുന്നത്. ജയന്തി സമ്മേളനത്തിൽ പങ്കെടുക്കാനെത്തുന്നവരുടെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനായി എൻഎസ്എസ് കോളജ് മൈതാനത്ത് സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.






