പത്തനംതിട്ട : പത്തനംതിട്ട ജില്ലയിലെ നെടുമ്പ്രം ഗ്രാമപഞ്ചായത്ത് വാർഡ് 13 ൽ തെറ്റായി ഉൾപ്പെട്ട 27 കുടുംബങ്ങൾ ഇനി ആലപ്പുഴ ജില്ലയിലെ തലവടി ഗ്രാമപഞ്ചായത്ത് സ്വദേശികളാകും. തദ്ദേശ സ്വയം ഭരണവകുപ്പ് മന്ത്രി എം.ബി. രാജേഷിന്‍റെ നേതൃത്വത്തിൽ നടത്തിയ ജില്ലാതല തദ്ദേശ അദാലത്തിൽ ഇതു സംബന്ധിച്ച ഉത്തരവ് മന്ത്രി നെടുമ്പ്രം സ്വദേശികൾക്ക് കൈമാറി.
ഈ കുടുംബങ്ങളുടേത് ഉൾപ്പെടെ 29 വീടുകൾ നെടുമ്പ്രം പഞ്ചായത്തിൻ്റെ പതിമുന്നാം വാർഡിലെ വസ്തു നികുതി നിർണയ രജിസ്റ്ററിൽ നിന്നും ഒഴിവാക്കി ആലപ്പുഴ ജില്ലയിലെ തലവടി ഗ്രാമപഞ്ചായത്തിന്റെ വസ്തുനികുതി നിർണയ രജിസ്റ്ററിൽ ഉൾപ്പെടുത്തി. നെടുമ്പ്രം പ്രദേശത്തെ ഈ 29 കെട്ടിടങ്ങൾ മണിമലയാറിൻ്റെ മറുകരയിലാണ് സ്ഥിതി ചെയ്യുന്നത്.
മണിമലയാറിൻ്റെ മറുകരയിലായതിനാൽ നെടുമ്പ്രം ഗ്രാമപഞ്ചായത്തുമായി ബന്ധപ്പെട്ട വികസന പ്രവർത്തനങ്ങൾ ഈ കുടുംബങ്ങളിലേക്ക് എത്തിക്കാൻ ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു. വെള്ളപ്പൊക്കം പോലുള്ള പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകുന്ന സന്ദർഭങ്ങളിൽ ഗ്രാമപഞ്ചായത്തിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഈ മേഖലയിലേക്ക് എത്തിക്കുന്നതിനും കാലതാമസം ഉണ്ടാവുമായിരുന്നു.