റാന്നി : ഇട്ടിയപ്പാറയിൽ ആധുനിക ബസ് ടെർമിനൽ നിർമ്മിക്കുന്നതിന് എംഎൽഎ ഫണ്ടിൽ നിന്ന് 3 കോടി രൂപ അനുവദിച്ചതായി അഡ്വ പ്രമോദ് നാരായൺ എംഎൽഎ അറിയിച്ചു. ആദ്യഘട്ടമായി ഈ സാമ്പത്തിക വർഷം രണ്ടു കോടി രൂപയാണ് ചെലവഴിക്കുക. 1 കോടി രൂപയ്ക്ക് മുകളിലുള്ള നിർമ്മാണ പ്രവൃത്തികൾക്ക് സംസ്ഥാന ധനകാര്യ വകുപ്പിന്റെ പ്രത്യേക അനുമതി ലഭിക്കേണ്ടതിനാൽ അനുമതിക്കായി സമർപ്പിച്ചിരിക്കുകയാണ്.
രണ്ട് നിലകളിലായി നിർമ്മിക്കുന്ന കെട്ടിടത്തിൽ ബസ് കാത്തിരിക്കുന്നതിനുള്ള സൗകര്യങ്ങൾ, സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യേക വിശ്രമമുറികൾ, ടോയ്ലറ്റ് ബ്ലോക്കുകൾ, ഷീ ലോഡ്ജ്, ഓഫീസ് മുറി, റസ്റ്റോറന്റുകൾ, യാത്രക്കാർക്ക് മഴ നനയാതെ ബസ്സിൽ കയറുന്നതിനുള്ള സൗകര്യങ്ങൾ എന്നിവയും പദ്ധതിയിൽ വിഭാവനം ചെയ്തിട്ടുണ്ട്.
സ്വകാര്യ ബസ് – കെഎസ്ആർടിസി ബസ് യാത്രക്കാർക്ക് ഒരുപോലെ പ്രയോജനം ചെയ്യത്തക്ക വിധം ആയിരിക്കും കെട്ടിടം നിർമ്മിക്കുക. നിലവിൽ കെഎസ്ആർടിസി ബസ്റ്റാൻഡിൽ യാത്രക്കാർക്ക് ബസ് കാത്തുനിൽക്കുന്നതിന് ആവശ്യമായ സൗകര്യം ഇല്ല. മഴ കൂടി പെയ്താൽ യാത്രക്കാരുടെ അവസ്ഥ ദയനീയമാണ്. സ്വകാര്യ ബസ്റ്റാൻഡിൽ വിദേശ മലയാളികളുടെ കൂട്ടായ്‌മ നിർമ്മിച്ചു നൽകിയ ബസ് ടെർമിനൽ മാത്രമാണ് ഉള്ളത്. മിക്കപ്പോഴും യാത്രക്കാരുടെ ബാഹുല്യം മൂലം ഇത് മതിയാകാതെ വരുന്നു. ബസ് ടെർമിനൽ നിർമ്മിക്കുവാൻ പഴവങ്ങാടി പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലം റവന്യൂ വകുപ്പ് അടയാളപ്പെടുത്തി നൽകിയിട്ടുണ്ട്. സ്ഥലം ലഭ്യമാക്കുന്നത് സംബന്ധിച്ച് ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ യോഗം ചേർന്നിരുന്നു.